പക്ഷികളിൽ കൊക്കിൻറെ അമിത വളർച്ചയുടെ കാരണങ്ങളിലേക്ക്. OVERGROWN BEAK IN BIRDS


 akhilchandrika
   നമ്മുടെ പക്ഷികൾ നല്ല ആരോഗ്യത്തോടും, മേനി അഴകോടും കൂടി എപ്പോഴും കാണണം എന്നാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് കൂടുകളിൽ അടച്ചു വളർത്തുന്ന നമ്മുടെ അരുമ പക്ഷികൾക്ക് ആവശ്യമായ വലുപ്പമുള്ള കൂടുകൾ, പോഷകസമൃദ്ധമായ വിവിധയിനം ആഹാരം, ശുദ്ധമായ വെള്ളം, സൂര്യപ്രകാശം എന്നിങ്ങനെ എല്ല സൗകര്യങ്ങളും നമ്മൾ ചെയ്തു കൊടുക്കാറുണ്ട്. എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ പക്ഷികളിൽ പല കാരണങ്ങൾ കൊണ്ട് അപര്യാപ്തതകൾ ഉണ്ടാകാറുണ്ട്. ആ അപര്യാപ്തതകൾ തിരിച്ചറിഞ്ഞ് തക്കസമയത്ത് പക്ഷികൾക്ക് ആവശ്യമായവ ലഭ്യമാക്കിയില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. അത്തരത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെല്ലാം തന്നെ നമ്മൾ പരിഹരിക്കുകയും ചെയ്യും. എന്നാൽ നമ്മളിൽ ചിലർ അധികം ശ്രദ്ധ നൽകാത്ത ഒന്നാണ് പക്ഷികളുടെ കൊക്കിൻറെ (BEAK) ആരോഗ്യം. നല്ല ആരോഗ്യമുള്ള ഒരു പക്ഷിക്ക്  ആരോഗ്യകരമായ ഒരു കൊക്ക് (BEAK) ഉണ്ടായിരിക്കും. കൊക്ക് പക്ഷിയുടെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു അവയവമാണ്. ആശയവിനിമയം നടത്താനും, ഭക്ഷണം കണ്ടെത്തുന്നതിനും കഴിക്കുന്നതിനു, കൂട് ഒരുക്കുന്നതിനും, മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും, ശത്രുക്കളിൽ നിന്നും സ്വയം സംരക്ഷിക്കുന്നതിനും, തുടങ്ങി മറ്റു പലതിനും ആരോഗ്യമുള്ള കോക്ക് അനിവാര്യമാണ്.


ആരോഗ്യമുള്ള ഒരു കോക്കിൻറെ ലക്ഷണങ്ങൾ:
നിങ്ങളുടെ പക്ഷികൾ നല്ല ആരോഗ്യമുള്ളവരാണെങ്കിൽ, കാലക്രമേണയുള്ള വളർച്ചയുടെ പല ഘട്ടങ്ങളിൽ കൊക്കിന്റെ നീളത്തിൽ വലിയ മാറ്റമൊന്നും നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ല. എന്നിരുന്നാലും മുട്ട വിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങളിൽ  വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ചെറിയ തോതിലുള്ള കോക്കിൻറെ വളർച്ച കാണാൻ സാധിക്കും. അസ്ഥിയും കെരാറ്റിനും (BONE AND KERATIN) ചേർന്നാണ് കൊക്കുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത് ഓരോ പക്ഷികളിലും അതിന്റേതായ വ്യത്യസ്തമായ ആകൃതിയിലും, വലുപ്പത്തിലും,  നിറത്തിലുമുള്ള  കോക്കുകൾ ആണ് (BEAK) ഉള്ളത്. ആരോഗ്യമുള്ള പക്ഷികളുടെ കൊക്ക് എല്ലായിപ്പോഴും സ്വാഭാവിക ആകൃതിയിലും, വലുപ്പത്തിലും, നിറത്തിലും ആയിരിക്കും. ഇതുകൂടാതെ പക്ഷിയുടെ കൊക്ക് ഉൽ‌പാദിപ്പിക്കുന്ന കെരാറ്റിൻ‌ ബാഷ്പീകരിച്ച് ഉണങ്ങി ദൃഢമായി കൊക്കുകളുടെ പുറം ഭാഗം തിളക്കമാർന്ന രൂപത്തിൽ കാണപ്പെടും. മുകളിലും താഴെയുമുള്ള കൊക്കുകൾ സ്വാഭാവിക രീതിയിൽ വായ (MOUTH) അടച്ചു വെക്കാൻ സഹായിക്കുന്ന രീതിയിൽ ഉള്ളവ ആയിരിക്കും.

അനാരോഗ്യകരമായ കൊക്കിന്റെ ലക്ഷണങ്ങൾ:
വ്യത്യസ്ത പക്ഷിവർഗ്ഗങ്ങൾ അവർക്കാവശ്യമായ ഭക്ഷണം എങ്ങനെ കണ്ടെത്തി കഴിച്ച് ജീവിക്കുന്നു എന്നതിനെ ആശ്രയിച്ച് കൊക്കിന്റെ ആകൃതിയിലും, വലുപ്പത്തിലും, കാഠിന്യത്തിലും, വ്യത്യസ്തതയുണ്ട്. എന്നാൽ ചില പക്ഷികളിൽ സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി കൊക്കിന്റെ അമിത വളർച്ച, സ്വാഭാവികമായി കാണുന്ന നിറവും തിളക്കവും നഷ്ടമാകുക, കൊക്കിനോട് ചേർന്നുള്ള നീർവീക്കം, കാഠിന്യം കുറഞ്ഞ് മൃദുവാകുക, കൊക്കുകളിൽ വെളുത്ത പൊടി കാണപ്പെടുക, (ചിലതരം കോക്കറ്റോ (COCKATOO) പക്ഷികളുടെ കൊക്കുകളിൽ ഈ വെളുത്ത പൊടി സ്വാഭാവികമായി കാണപ്പെടാറുണ്ട്) വിള്ളലുകൾ ഉണ്ടാക്കുക, വശങ്ങളിലേക്ക് വളഞ്ഞ് വളരുക, കുഴിഞ്ഞ് കാണപ്പെടുക, വളർച്ച മുരടിക്കുക. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ അവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാം അത് ഓരോന്നായി നമുക്ക് നോക്കാം.

പോഷക കുറവുകൾ:
നമ്മുടെ പക്ഷികൾക്ക് നൽകുന്ന ആഹാരത്തിൽ നിന്നും ആവശ്യമായ വിറ്റാമിൻ-, കാൽസ്യം, വിറ്റാമിൻ-ഡി3 എന്നിവ കൃത്യമായി ലഭിച്ചാൽ മാത്രമേ എല്ല്, നഖം, കൊക്കുകൾ എന്നിവയ്ക്ക് ആവശ്യമായ ആരോഗ്യം ലഭിക്കുകയുള്ളൂ. ആഹാരത്തിൽ നിന്നും ഇവ ലഭിക്കാതെ വന്നാൽ കൊക്കുകളുടെ വളർച്ചയെ സാരമായി ബാധിക്കും. ഇത് കൊക്കുകളുടെ കാഠിന്യം കുറയുന്നതിനും, പലതരത്തിലുള്ള വിള്ളലുകൾ രൂപപ്പെടുന്നതിനും, പിന്നീട് പൊട്ടി പോകുന്നതിനും കാരണമാകാറുണ്ട്. നാം ഓരോ പക്ഷി വർഗ്ഗങ്ങൾക്കും അവർക്കാവശ്യമായ ആഹാരം  കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവിൽ നൽകുകയാണെങ്കിൽ ആഹാരത്തിൽ നിന്നും അപര്യാപ്തതമൂലം ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ അപര്യാപ്തത ഉണ്ട് എന്ന് കരുതി നാം നൽകുന്ന പലതരം വൈറ്റമിൻ സപ്ലിമെൻറ്കളും, കൊഴുപ്പുകൂടിയ ആഹാരം എന്നിവ അളവിൽ കൂടുതൽ പക്ഷികളുടെ ശരീരത്തിൽ എത്തുകയാണെങ്കിൽ അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും  കൊഴുപ്പും കരളിനു ചുറ്റും അടിഞ്ഞുകൂടുകയും തന്മൂലം ഹെപ്പാറ്റിക് ലിപിഡോസിസ് (HEPATIC LIPIDOSIS) അല്ലെങ്കിൽ ഫാറ്റി ലിവർ ഡിസീസ് (FATTY LIVER DISEASE) എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. ഇങ്ങനെ കരളിനെ ബാധിക്കുന്ന അസുഖങ്ങൾ കാരണം പക്ഷികളിൽ ശരിയായ രീതിയിൽ ശാരീരിക പ്രവർത്തനങ്ങൾ നടക്കാതെ വരുന്നതിനാൽ പലതരത്തിലുള്ള അപര്യാപ്തതകൾ ഉണ്ടാകുന്നു. ഈ കാരണങ്ങൾ കൊണ്ട് പക്ഷികളിൽ കൊക്കുകൾക്ക് (കൊക്കുകൾക്ക് മാത്രമല്ല) പലതരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ തക്ക സമയത്ത് അസുഖം മനസ്സിലാക്കി നൽകുന്ന ആഹാരത്തിൽ നിയന്ത്രണവും, ആവശ്യമെങ്കിൽ ഒരു വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സയും നൽകുകയാണെങ്കിൽ ക്രമേണ പക്ഷികളെ സാധാരണ രീതിയിൽ എത്തിക്കാൻ സാധിക്കും.

പകർച്ചവ്യാധികൾ:
ബാക്ടീരിയ, വൈറസ്, പരാന്നഭോജികൾ, ഫംഗസ് അണുബാധ എന്നിവ മൂലമുണ്ടാകുന്ന പി.ബി.എഫ്.ഡി (PSITTACINE BEAK AND FEATHER DISEASE), ഏവിയൻ പോക്സ് (AVIAN POX), സ്കെലി ഫേസ് (SCALY FACE), തുടങ്ങിയ രോഗങ്ങൾ പക്ഷിയുടെ കൊക്കിനേ നേരിട്ടും. എന്നാൽ ചില സന്ദർഭങ്ങളിൽ ശരീരത്തിലെ മറ്റു ഭാഗങ്ങളെ ബാധിക്കുന്ന അണുബാധകൾ മൂലവും കൊക്കുകൾക്ക് തകരാറുകൾ സംഭവിക്കാറുണ്ട്. ബാക്ടീരിയ ഫംഗസ് അണുബാധ മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ഒരു വിദഗ്ദനായ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻറിബയോട്ടിക്കുകൾ അല്ലെങ്കിൽ ആന്റിഫംഗൽ ഔഷധങ്ങൾ നൽകി ഫലപ്രദമായി ചികിൽസിക്കാവുന്നതാണ്. പക്ഷികളെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ സൂര്യപ്രകാശവും, വായുസഞ്ചാരവും മതിയായ അളവിൽ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനോടൊപ്പം. കൃത്യമായ ഇടവേളകളിൽ കൂടും പരിസരവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം. ഇതുകൂടാതെ ഇന്ന് പരാന്നഭോജികൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന പലതരം ഔഷധങ്ങളും ലഭ്യമാണ്. ഇവ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുകയാണെങ്കിൽ പൂർണ്ണമായും പരാന്നഭോജികളെ തടയാൻ കഴിയും. വൈറസ് അണുബാധമൂലം വളരെ അപൂർവ്വമായി മാത്രമാണ് പക്ഷികളുടെ കൊക്കിൽ അണുബാധ ഉണ്ടാകുന്നത്. ഏതെങ്കിലും കാരണവശാൽ വൈറസ് അണുബാധ കൊക്കിനെ ബാധിച്ചാൽ വൈറസ് അണുബാധ ആയതിനാൽ നിലവിൽ പ്രത്യേകം ചികിത്സകളൊന്നും തന്നെ ഇല്ല. എന്നിരുന്നാലും ഉടൻതന്നെ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശം ആരായുന്നതാണ് കൂടുതൽ അഭികാമ്യം.

 ജനിതക വൈകല്യങ്ങൾ:
പല പക്ഷികളിലും കൊക്കുകളുടെ വളർച്ച പാരമ്പര്യമായി മാതാപിതാക്കളിൽ നിന്നും ലഭിക്കാറുണ്ട്. കൊക്കുകളുടെ തെറ്റായ വളർച്ചയെ മാലോക്ലൂഷൻ (MALOCCLUSION) എന്നാണ് പൊതുവേ പറയാറുള്ളത്. സാധാരണ പക്ഷികളുടെ മുകളിലെ കൊക്ക് ആണ് വളരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി ചില സാഹചര്യങ്ങളിൽ കീഴ്ഭാഗത്തുള്ള  കൊക്കും മുകളിലേക്ക് വളരാറുണ്ട് ഈ അവസ്ഥയെ മാൻഡിബുലാർ പ്രോഗ്നാത്തിസം (MANDIBULAR PROGNATHISM) എന്നാണ് പറയുന്നത്. ഇതുകൂടാതെ മുകളിലെയും താഴത്തെയും കൊക്കുകൾ ഒരുപോലെ വളരാറുണ്ട്. ഇങ്ങനെ വളരുന്ന കൊക്കുകൾ ഒരു പരിധിയിൽ കൂടുതൽ ആകുമ്പോൾ ഇരുവശങ്ങളിലേക്ക് ചരിഞ്ഞ് വളർന്നു തുടങ്ങും. ഇങ്ങനെ വളരുന്ന കൊക്കുകളെ കത്രിക കൊക്ക് (SCISSORS BEAK)എന്നാണ് പറയുന്നത്. ജനിതക വൈകല്യങ്ങളോടൊപ്പം പോഷകാഹാരക്കുറവ്, മൈകോബാക്ടീരിയൽ അണുബാധ കൊണ്ടും പക്ഷികളിൽ ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

സാധാരണ മൂന്നു മുതൽ ആറുമാസം പ്രായമായ കുഞ്ഞു പക്ഷികളിൽ ആണ് പൊതുവേ കൊക്കുകൾ അമിതമായി വളരുന്നത് കണ്ടുവരുന്നത്. എന്നാൽ വലിയ പക്ഷികളിലും അപൂർവ്വമായി മാത്രം പോഷകാഹാരക്കുറവ്, അണുബാധ, പാരമ്പര്യമായി ലഭിക്കുന്ന പല വൈകല്യങ്ങൾ കൊണ്ടും കൊക്കുകൾ അമിതമായ വളരാറുണ്ട്. അമിതമായി കൊക്കുകൾ വളർന്നാൽ പക്ഷികൾക്ക് ആഹാരം കഴിക്കുന്നതിന് തടസ്സമുണ്ടാക്കുന്നതിനോടൊപ്പം അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. അതിനാൽ കൊക്കുകളെ വളരെ സൂക്ഷ്മതയോടെ കൂടി സ്വാഭാവിക ആകൃതിയിൽ മുറിച്ചു മാറ്റുകമാത്രമാണ് പ്രശ്നപരിഹാരത്തിന് ശാശ്വതമായ മാർഗം. കുഞ്ഞു പക്ഷികളിൽ ആണെങ്കിൽ കൊക്കുകൾ വളർന്നത് മുറിച്ചു മാറ്റി കഴിഞ്ഞാൽ വളരെ അപൂർവ്വമായി മാത്രമാണ് പിന്നീട് വളരുന്നത് കാണാറുള്ളത്. കൂടുകളിൽ അടച്ചു വളർത്തുന്ന പക്ഷികളിൽ ആണ് കൊക്കുകൾ അമിതമായി വളരുന്നത് കണ്ടുവരുന്നത്. വനങ്ങളിൽ ഉള്ള പക്ഷികൾ പല തരത്തിലുള്ള ആഹാരങ്ങൾ കണ്ടെത്തി കൊക്കുകൾ കൊണ്ട് പൊട്ടിച്ചു കഴിക്കുന്നതുകൊണ്ടും, അടയിരിക്കൽ അറകൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി കൊക്കുകൾ ഉപയോഗിച്ച് അതിന് ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നതിലൂടെയും കൊക്കുകളുടെ അഗ്രഭാഗം കുറെയൊക്കെ തേഞ്ഞ് പോകാറുണ്ട് അതിനാൽ അമിത വളർച്ച തോന്നിക്കാർ ഇല്ല. കൂടുകളിൽ വളർത്തുന്ന പക്ഷികൾക്ക് കണവ നാക്ക് (CUTTLEBONE), കാൽസ്യം ബ്ലോക്കുകൾ (CALCIUM BLOCKS), എന്നിവ നൽകുകയാണെങ്കിൽ പക്ഷികൾ അവ കടിച്ചു പൊട്ടിച്ച് കഴിക്കുന്നതോടൊപ്പം അവരുടെ കൊക്കുകൾ അമിതമായി വളരുന്നത് വലിയൊരു തോതിൽ നിയന്ത്രിക്കാൻ സഹായിക്കും.




തുടരും…………………. ✍🏻










ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം.പക്ഷികളുടെ കൊക്കിൻറെ അമിതം വളർച്ചയെ കുറിച്ചുള്ള നിങ്ങളുടെ അറിവും, അനുഭവവും, തീർച്ചയായും കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. അത് മറ്റുള്ളവർക്ക് കൂടുതൽ പ്രയോജനകരമാകും. പുതിയ അറിവുകൾ ലഭ്യമാക്കുന്നതിന് ഈ ബ്ലോഗ് ഫോളോ ചെയ്യാനും മറക്കരുത്. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി. 


 പിക്കപ്പ് വാൻ സർവീസ്  നെടുമങ്ങാട്, ഇരിഞ്ചയം,വെമ്പായം. വിവിധയിനം അലങ്കാര ചെടികൾക്ക് ബന്ധപ്പെടുക.




Comments

  1. Nice article. It's very helpful to me. Thank you for share with us. Can you please check my color code collection.

    ReplyDelete

Post a Comment