വളർത്തു പക്ഷികളെ എങ്ങനെ പരിപാലിക്കാം

സൺ കോന്യൂർ, SUN CONURE.


സാധാരണ പേര്:            സൺ-കോന്യൂർ (SUN CONURE)
ശാസ്ത്രീയ നാമം:    അരറ്റിംഗ സൊല്സ്റ്റിറ്റിയലിസ് (ARATINGA SOLSTITIALIS)
ഉത്ഭവം:                            വടക്കു കിഴക്കൻ ദക്ഷിണ അമേരിക്ക (SOUTH AMERICA)
ശരീരവലിപ്പം:        30 സെൻറീമീറ്റർ.
ശരീരഭാരം:          110 മുതൽ 120-ഗ്രാം.
ശബ്ദ തലം:                       വളരെ ഉയർന്നത്.
ലൈംഗികത:           ഡി.എൻ., സർജിക്കൽ ലിംഗ പരിശോധന.
പ്രായപൂർത്തി:       ഏതാണ്ട് 18 മാസം.
ലൈംഗിക പക്വത:    ഏകദേശം 24 മാസങ്ങൾ.
പ്രജനനം വനങ്ങളിൽ: ഫെബ്രുവരി.
പ്രജനനം:            പ്രതിവർഷം ഒരു പ്രാവശ്യം (വനങ്ങളിൽ).
ശരാശരി മുട്ടകൾ:      3 മുതൽ 4 വെള്ള മുട്ടകൾ.
മുട്ടകൾ വിരിയാനെടുക്കുന്ന സമയം: 23 മുതൽ 25 ദിവസം.
ശരാശരി ആയുസ്സ്:    20 മുതൽ 30 വർഷം (വനങ്ങളിൽ).

ദക്ഷിണ അമേരിക്കയിലെ വടക്കുകിഴക്കൻ തീരദേശ പ്രദേശങ്ങളായ ബ്രസീൽ ഗയാന എന്നീ പ്രദേശങ്ങളിലെ തീരദേശ ഉഷ്ണമേഖലാ വനമേഖലകളിലാണ് സൺ-കോന്യൂറുകൾ കാണപ്പെടുന്നത്. ഇവർ ഇവിടെയുള്ള വനങ്ങളിലെ താഴ്വരകളിൽ ഉള്ള വരണ്ട പ്രദേശങ്ങളിലെ  വൃക്ഷങ്ങളിലാണ് സാധാരണ ഇവരുടെ ആവാസകേന്ദ്രം. എന്നാൽ വർധിച്ചുവന്ന വനനശീകരണവും വേട്ടയാടലും മൂലം ഇന്ന് സൺ-കോന്യൂറുകളുടെ എണ്ണം ഈ മേഖലയിൽ ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇന്ന് ഇവിടെ ഉള്ളതിനേക്കാൾ എത്രയോ പതിമടങ്ങ് സൺ-കോന്യൂറുകൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കൂടുകളിൽ അടയ്ക്കപ്പെട്ട് കഴിയുകയാണ്. അതുകൊണ്ട് ഐ.യു.സി.എൻ, (പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇതിൻറെ ചുരുക്കപ്പേരാണ്, ഐ.യു.സി.എൻ) ഇവരുടെ വനങ്ങളിലെ വംശനാശം സംഭവിക്കുന്നത് തടയുന്നതിനായി ഇവരെ ചുവന്ന പട്ടികയിൽ പെടുത്തുകയും. സൺ-കോന്യൂറുകളുടെ സ്വാഭാവിക ആവാസ കേന്ദ്രങ്ങളിൽ മനുഷ്യരുടെ കടന്നുകയറ്റവും വേട്ടയാടലും നിയമപരമായി തടഞ്ഞിട്ടുണ്ട്.
ആകാശത്തിലൂടെ പൊൻ സൂര്യകിരണങ്ങൾ തൂകി പറന്നുപോകുന്ന പക്ഷികൾ ആയതുകൊണ്ടാണ് ഇവർക്ക് സൺ-കോന്യൂർ എന്ന പേര് ലഭിച്ചത്. ഇവരുടെ ശരീരവലിപ്പം 30 സെൻറീമീറ്റർ ആണ് ചിറകുകൾക്ക് 5.75 സെൻറീമീറ്റർ മുതൽ 6.36 സെൻറീമീറ്റർ വരെ വലിപ്പവും. വാൽ 12 സെൻറീമീറ്റർ മുതൽ 14 സെൻറീമീറ്റർ വരനീളവുമുണ്ട്.  പ്രായപൂർത്തിയായ ഒരു സൺ-കോന്യൂറിന് ശരീരഭാരം 110- ഗ്രാം മുതൽ 120-ഗ്രാം വരെയാണ്. പ്രായപൂർത്തിയായ ഒരു പക്ഷിയുടെ നെറ്റിയും പുറംഭാഗവും  തീഷ്ണമായ ചുവപ്പിൽ ഓറഞ്ചും മഞ്ഞയും കലർന്ന തൂവലുകളാണ്. കണ്ണുകളുടെ പുറം ഭാഗം തീഷ്ണമായ ചുവപ്പും, ശരീരത്തിൻറെ അടിഭാഗം മഞ്ഞയിൽ ഓറഞ്ച് കലർന്ന തൂവലും. ചിറകുകളിൽ മഞ്ഞയും പച്ചയും തൂവലും വശങ്ങളിലും ആഗ്ര ഭാഗങ്ങളിലും കറുപ്പിൽ നീലകലർന്ന തൂവലുകളാണ്. മഞ്ഞയും ഇളംപച്ചയും കലർന്ന വാലുകളുടെ അഗ്രഭാഗം കറുപ്പിൽ നീല കലർന്നതാണ്. എന്നാൽ വാലുകളുടെയും ചിറകുകളുടെയും അടിഭാഗം നേരിയ ഇരുണ്ട നിറമാണ്. ഇതുകൂടാതെ തവിട്ടുനിറത്തിലുള്ള കണ്ണുകൾ. കണ്ണുകൾക്ക് ചുറ്റും വെളുത്ത നിറത്തിലുള്ള വളയങ്ങൾ, കറുത്ത  നിറത്തിലുള്ള ചുണ്ടുകൾ, ഇളം തവിട്ടു നിറത്തിൽ കറുപ്പുകലർന്ന കാലുകൾ, കറുത്ത നഖങ്ങൾ. എന്നിവയാണ് സൺ-കോന്യൂറുകളെ മറ്റു പക്ഷികളിൽനിന്നും വ്യത്യസ്തമാക്കുന്നത്. കുഞ്ഞുങ്ങൾ ആയിരിക്കുന്ന സമയത്ത് സൺ-കോന്യൂറുകളുടെ ശരീരത്തിൽ കൂടുതലും പച്ചനിറത്തിലുള്ള തൂവലുകളാണ്. ഇത് ഓരോ പ്രായത്തിലും തൂവലുകൾ കൊഴിഞ്ഞു പുതിയ തൂവലുകൾ വരുന്നതിനനുസരിച്ച് നിറം മാറി കൂടുതൽ സൗന്ദര്യമുള്ളവരായി മാറുന്നു.
വടക്കു-കിഴക്കൻ തെക്കേ അമേരിക്കൻ സുന്ദരികളായ സൺ-കോന്യൂറുകൾക്ക് ഇന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള ആരാധകരുണ്ട്. ഏതൊരു പക്ഷി സ്നേഹിയുടെയും ശ്രദ്ധയെ ആകർഷിക്കുകയും അവരിൽ ആരാധന തോന്നിക്കുകയും ചെയ്യുന്ന ശരീര ഭംഗിയുള്ള പക്ഷികളാണ് സൺ-കോന്യൂറുകൾ. എന്നാൽ ഇവരുടെ ശബ്ദം ചില സന്ദർഭങ്ങളിൽ നമുക്ക് അരോചകം ഉളവാക്കും. കേരളത്തിലെ കാലാവസ്ഥയിൽ ഇണങ്ങിച്ചേർന്ന് വളരുകയും നല്ലരീതിയിലുള്ള പ്രജനനം കാഴ്ച വെക്കുകയും ചെയ്യുന്ന പക്ഷികളാണ് സൺ-കോന്യൂറുകൾ. ഇന്ന് ലോകത്തിൽ കൂടുകളിൽ വളർത്തുന്ന കോന്യൂറുകളിൽ ഏറ്റവും കൂടുതൽ ആളുകൾ വളർത്തുന്നത് സൺ-കോന്യൂറുകളെയാണ്.

ആഹാരം:
സൺ-കോന്യൂറുകൾക്ക് പൊതുവേ നല്ല പോഷകസമൃദ്ധമായ ആഹാരം ആവശ്യമാണ് അതിനായി അവരുടെ ആഹാരത്തിൽ ധാരാളം ഫലവർഗങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും ഉണങ്ങിയ ധാന്യങ്ങളും (കഴുകി ഉണക്കിയത്) ശുദ്ധമായ ജലവും ഉൾപ്പെടുത്തണം. ഇത് സൺ-കോന്യൂറുകളുടെ വളർച്ചയെയും രോഗപ്രതിരോധശേഷിയും വർദ്ധിക്കുന്നതിനും സഹായകരമാകും. ആഹാരങ്ങൾ കൊടുക്കുന്നതിന് ചില ചിട്ടവട്ടങ്ങൾ വെയ്ക്കുന്നത് നല്ലതായിരിക്കും. രാവിലെ ശുദ്ധമായ ജലവും, ഫലവർഗങ്ങളും, പച്ചക്കറികളും, മുളപ്പിച്ചതോ, കുതിർത്തതോ ആയ ധാന്യങ്ങളും  മൃദു ആഹാരങ്ങളും കൊടുക്കുകയും (നിങ്ങൾ ഒരു ദിവസത്തെ ഏതെല്ലാം തരം ആഹാരങ്ങളാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് അതുമാത്രം). ഉച്ചയോടുകൂടി അതെല്ലാം എടുത്തുമാറ്റുകയും ഉച്ചകഴിഞ്ഞ് ഉണങ്ങിയ ധാന്യങ്ങൾ കൊടുക്കുകയും വൈകുന്നേരം അതെടുത്തു മാറ്റുകയും ചെയ്യണം. ഇതു കൂടാതെ ഒരു ദിവസത്തിന് ആവശ്യമായ ആഹാരം മിതമായ അളവിൽ മാത്രം കൊടുക്കുക. പക്ഷികളിൽ കൂടുതലും അസുഖങ്ങൾ പകരുന്നത് ആഹാരത്തിലൂടെയും ജലത്തിലൂടെയും ആണ് അതുകൊണ്ട് പൂർണമായും സുരക്ഷിതമായ മാർഗ്ഗങ്ങളുപയോഗിച്ച് വേണം ആഹാരവും ശുദ്ധമായ ജലവും ദിവസവും പക്ഷികൾക്ക് നൽകാൻ.
കുഞ്ഞുങ്ങൾ ആയിരിക്കുന്ന സമയം മുതൽ പ്രായപൂർത്തി ആകുന്നതുവരെ സൺ-കോന്യൂറുകളുടെ ആഹാരത്തിൽ ഭൂരിഭാഗവും ഫലവർഗങ്ങളും പച്ചക്കറികളും നൽകുന്നത് അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും തൂവലുകൾക്ക് നല്ല ഭംഗി കിട്ടുന്നതിനും സഹായകരമാകും. ഇതുകൂടാതെ മിതമായ അളവിൽ ഉണങ്ങിയ ധാന്യങ്ങളും കുതിർത്തതും മുളപ്പിച്ചതും ആയ പയറുവർഗങ്ങൾ മൃദു ആഹാരങ്ങൾ എന്നിവയും അവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. എല്ലാദിവസവും ഒരുപോലെയുള്ള ആഹാരക്രമങ്ങൾ മാറ്റി അതിൽ വ്യത്യസ്തത വരുത്തുന്നത് ആഹാരം പാഴാക്കാതെ പക്ഷികൾ കഴിക്കുന്നതിന് സഹായകരമാകും.
ചില പക്ഷികൾ നമ്മൾ കൊടുക്കുന്ന ഫലവർഗങ്ങളും പച്ചക്കറികളും അവർക്ക് ഇഷ്ടമുള്ളവ മാത്രം തിരഞ്ഞ് കഴിക്കുകയും ബാക്കിയുള്ളവ പാഴാക്കി കളയുകയും ചെയ്യും. ഇത് തടയുന്നതിനായി ചെറിയ രീതിയിൽ  നാരുകൾ ഉടഞ്ഞുപോകാതെ അരച്ച് അല്ലെങ്കിൽ പുഴുങ്ങി ഉടച്ച് കുഴമ്പുരൂപത്തിൽ ആക്കി മൃദു ആഹാരത്തോടൊപ്പം കൊടുക്കുന്നത് അവർ പൂർണ്ണമായും എല്ലാം കഴിക്കുന്നതിനും അപര്യാപ്തത ഒഴുവാക്കാനും ധനനഷ്ടം തടയുവാനും കഴിയും.
എത്ര നല്ല രീതിയിലുള്ള ആഹാരം നൽകിയാലും ചില പക്ഷികളിൽ ചില സന്ദർഭങ്ങളിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുമൂലമുള്ള അസുഖങ്ങൾ വരാറുണ്ട്. ആ സന്ദർഭങ്ങളിൽ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം അവർക്ക് ആവശ്യമായ വിറ്റാമിൻ സപ്ലിമെൻറ്കൾ ജലത്തിലൂടെയോ  മൃദു ആഹാരങ്ങളോട് ഒപ്പവും നൽകാവുന്നതാണ്.
പ്രജനനത്തിനുവേണ്ടി തയ്യാറാക്കുന്ന സൺ-കോന്യൂറുകൾക്ക് അവരുടെ ആഹാരത്തിൽ ഫലവർഗങ്ങളുടെയും, പച്ചക്കറികളുടെയും അളവ് കുറച്ച് മാംസ്യം (PROTEIN) കൂടുതലുള്ള വിവിധയിനം ധാന്യങ്ങൾ, കുതിർത്തതേ മുളപ്പിച്ചതേ ആയ പയറുവർഗ്ഗങ്ങൾ എന്നിവ ആഹാരങ്ങൾ ഉൾപ്പെടുത്തണം. ഇതു കൂടാതെ ധാതുലവണങ്ങളും വിറ്റാമിനുകളും അടങ്ങിയ സമീകൃത മൃദു ആഹാരങ്ങളും ഈ സമയത്ത് അവർക്ക് നൽകണം. ഏതൊരു കാരണവശാലും അപര്യാപ്തത ഉണ്ട് എന്ന് പ്രതീക്ഷിച്ച് അനാവശ്യമായ വൈറ്റമിൻ മരുന്നുകൾ കൊടുക്കുകയാണ് എങ്കിൽ അത് പക്ഷികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
കുഞ്ഞുങ്ങൾ ഉള്ള സമയത്ത് സൺ-കോന്യൂറുകൾക്ക് കൂടുതലായി ഫലവർഗങ്ങളും പച്ചക്കറികളും മൃദു ആഹാരങ്ങളും കുറച്ച് ധാന്യങ്ങളും നൽകണം. കുതിർത്തതോ മുളപ്പിച്ചതോ ആയ പയറുവർഗ്ഗങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങൾക്ക് കൂടുതൽ ഇഷ്ടമുള്ള ആഹാരങ്ങൾ മാതാപിതാക്കൾ തിരഞ്ഞ കൊടുക്കാറുണ്ട് അതുകൊണ്ട് എല്ലാ ദിവസവും വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ച് അവർക്ക് ആവശ്യമായ ആഹാരങ്ങൾ ഏതെന്ന് മനസ്സിലാക്കി അത് കൂടുതൽ നൽകുന്നത് ഒരു പക്ഷി സ്നേഹിയുടെ വിജയലക്ഷ്യമാണ്.

കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ:
    കുഞ്ഞുങ്ങളെ വാങ്ങി നമ്മുടെ സാഹചര്യങ്ങളോട്  ഇണക്കി ആഹാരം നൽകി നല്ല രോഗപ്രതിരോധശേഷിയുള്ള പക്ഷികളായി വളർത്തുന്നതാണ് പിന്നീടുള്ള പ്രജനനത്തിന് കൂടുതൽ കരുത്ത് നൽകുന്നത്. കുഞ്ഞുങ്ങളെ മാതാപിതാക്കൾ ആഹാരം കൊടുത്ത് വളർത്തി വലുതാക്കിയ മൂന്നോ നാലോ മാസം പ്രായമായവരെ വേണം തിരഞ്ഞെടുക്കാൻ (കൈ തീറ്റകൾ കൊടുത്തു വളർത്തുന്ന കുഞ്ഞു പക്ഷികളിൽ രോഗപ്രതിരോധശേഷി താരതമ്യേനെ കുറവായി കണ്ടുവരുന്നു). അതു കൂടാതെ കുഞ്ഞുങ്ങളുടെ ആരോഗ്യവും തൂക്കവും, ഉരുണ്ട തിളക്കമാർന്ന കണ്ണുകൾ, ആരോഗ്യത്തോടെ തിളങ്ങുന്ന തൂവലുകൾആരോഗ്യമുള്ള ചുണ്ടുകൾ, ശരീരാകൃതി, കാലുകളുടെയും ചിറകുകളുടെയും ആരോഗ്യനില, നഖങ്ങൾ, എന്നിവ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. അതിനോടൊപ്പം മാതാപിതാക്കളുടെ കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നത് പിന്നീടുള്ള പ്രജനനത്തിന് സഹായകരമാകും. ഇതുകൂടാതെ മാതാപിതാക്കളുടെ ആരോഗ്യവും കൂടും കൂടുകളുടെ ചുറ്റുപാടും ആഹാരരീതിയും നേരിട്ട് കണ്ട് മനസ്സിലാക്കി കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് കൂടുതൽ ഉചിതം.
അസാധാരണ രീതിയിലുള്ളതോ മുറിഞ്ഞതോ നിരതെറ്റിയതോ മങ്ങിയതോ ആയ തൂവലുകൾ. തളർന്ന് തൂങ്ങിയ ചിറകുകൾ കുഴിഞ്ഞ കണ്ണുകൾ. ശ്വാസോച്വാസത്തിനഅനുസരിച്ച് ചലിപ്പിക്കുന്നതോ താഴ്ത്തി ഇട്ടതോ ആയ വാലുകൾ പൊട്ടിയതോ അസ്വാഭാവികമായ വളർച്ച ഉള്ളതോ ആയ ചുണ്ടുകൾ എന്നിവ ആരോഗ്യമില്ലാത്ത പക്ഷികളുടെ ലക്ഷണമാണ്.

ഒരേ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ ജോഡികൾ ആക്കിയാൽ വരും തലമുറകളിൽ ജനിതകപരമായ വൈകല്യങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങൾ ആവാനുള്ള സാധ്യത ഏറെയാണ് അതുകൊണ്ട് പ്രജനനലക്ഷ്യത്തിന് ആവശ്യമായ കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ എപ്പോഴും വ്യത്യസ്തങ്ങളായ രണ്ട് മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ വേണം വാങ്ങാൻ. സൺ-കോന്യൂറുകളെ കണ്ടാൽ ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയുകയില്ല അതുകൊണ്ട് ഡി. എൻ.. ലിംഗ പരിശോധനയിലൂടെയോ സർജിക്കൽ ലിംഗ പരിശോധനയിലൂടെയോ കണ്ടെത്തിയ ആൺ-പെൺ സൺ-കോന്യൂറുകളെ വേണം വാങ്ങാൻ. ഇതുകൂടാതെ വാങ്ങുന്ന കുഞ്ഞുങ്ങളുടെ കാലുകളിൽ ഉള്ള വളയങ്ങളിലേ (LEG BAND) നമ്പറുകൾ തന്നെയാണ് ഡി.എൻ.എ സാക്ഷിപത്രത്തിൽലുള്ള (CERTIFICATE) നമ്പർ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മുറിച്ച വളയങ്ങൾ (CUT RING) ഉള്ള പക്ഷികളെ വാങ്ങുമ്പോൾ അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിനുശേഷം വേണം വാങ്ങുവാൻ. സംശയമുള്ള പക്ഷം ഉറപ്പുവരുത്തുന്നതിനായി ഒരിക്കൽകൂടി ലിംഗ പരിശോധന നടത്തുന്നത് ഉത്തമമാണ്.

പുതിയതായി ഒരു അതിഥി എത്തിയാൽ:
പുതിയതായി വാങ്ങിയ പക്ഷികളെ നമ്മുടെ കൂടുകളിൽ (aviary) ഉള്ള മറ്റു പക്ഷികളോടൊപ്പം പാർപ്പിക്കതേ അവരെ ക്യുറൻറ്റൈൻ ചെയ്യുന്നതിനായി (Quarantine)  പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സ്ഥലത്തുള്ള കൂടുകളിൽ പാർപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ കൂട്ടിൽ ഉള്ള പക്ഷികൾക്ക് പുതുതായി വന്ന പക്ഷികളിൽ നിന്നുമുള്ള രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കാം. ചില സന്ദർഭങ്ങളിൽ പക്ഷികളിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായി കാണാൻ കഴിഞ്ഞില്ല എങ്കിലും അവരുടെ ശരീരത്തിൽ പലതരം രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് അവരെ മാറ്റി പാർപ്പിച്ചില്ലായെങ്കിൽ അത് ചിലപ്പോൾ നമ്മുടെ കൂടുകളിലെ പക്ഷികളിൽ രോഗം പടരാനുള്ള സാധ്യത തള്ളികളയാനാകില്ല.

പക്ഷികളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ട് എങ്കിൽ അവരുടെ ശരീരത്തിലെ പരാദങ്ങൾ വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ കൂടുകളിൽ ഉള്ള പക്ഷികളിൽ എത്തപ്പെടുകയും രോഗം പകരാനുള്ള സാധ്യത ഏറെയാണ്അതുകൊണ്ട് പുതുതായി കൊണ്ടുവരുന്ന പക്ഷികളെ ആദ്യം തന്നെ പരാദം നിയന്ത്രണത്തിനുള്ള എവിയൻ ഇൻസെക്റ്റ് ലിക്വിഡേറ്റർ (Avian Insect Liquidator) പോലെയുള്ള മരുന്നുകൾ സ്പ്രേ ചെയ്യുന്നതും സ്‌കാറ്റ് (Scatt) പുരട്ടുന്നതിലൂടെയും പക്ഷികളുടെ ശരീരത്തിലെ പരാദങ്ങളും മറ്റും പൂർണമായും നശിപ്പിക്കാൻ സഹായിക്കും ഇത് മറ്റു പക്ഷികളിൽ അസുഖങ്ങൾ പകരുന്നത് തടയുന്നതിന് ഉത്തമമായ മാർഗ്ഗമാണ്.

പുതുതായി കൊണ്ടുവന്ന പക്ഷികളെ പാർപ്പിക്കുന്ന കൂടുകൾക്ക് അത്യാവശ്യം വലുപ്പം ആവശ്യമാണ് അതുകൂടാതെ വായുസഞ്ചാരം സൂര്യപ്രകാശം എന്നിവ ഉറപ്പുവരുത്തണം. ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം പക്ഷികൾക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ആവശ്യമായ ആൻറിബയോട്ടിക് മെഡിസിനുകൾ ഈ സന്ദർഭത്തിൽ നൽകുന്നത് പക്ഷികളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ട് എങ്കിൽ അവ നശിക്കുകയു. മറ്റു പക്ഷികളിൽ അസുഖം പടരുന്നതും തടയാനും കഴിഞ്ഞു.

ആൻറിബയോട്ടിക് മെഡിസിനുകൾ കൊടുക്കുന്ന സമയത്ത് പക്ഷികളുടെ ശരീരത്തിൽ ഉള്ള രോഗാണുകളോടൊപ്പം ശരീരത്തിലെ ദഹനത്തിന് സഹായിക്കുന്ന സൂക്ഷ്മാണുക്കളും നശിക്കുന്നു. അതിനാൽ ആൻറിബയോട്ടിക് കൊടുത്തുകഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ തന്നെ പ്രോബയോട്ടിക് കൃത്യമായും നൽകിയിരിക്കണം. ഇതിലൂടെ ശരീരത്തിലെ ദഹനത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ തിരിച്ചുകൊണ്ടുവരാനും അതുവഴി മറ്റു ദോഷകരമായ സൂക്ഷ്മാണുക്കൾ പെരുകുന്നത് തടയാനും കഴിയും.

മൂന്നു മുതൽ നാലു മാസം പ്രായമായ സൺ-കോന്യൂർ കുഞ്ഞുങ്ങൾക്ക് വിരയിളക്കാൻ ഉള്ള മരുന്ന് നൽകണം. ഇതിനായി വാൽമൌട്ട്-ജെൽ (Wormout Gel) പോലെയുള്ള ഔഷധങ്ങൾ വളരെ ഫലപ്രദമാണ്. 2-ml വാൽമൌട്ട്-ജെൽ 160ml ശുദ്ധമായ വെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി പക്ഷികൾക്ക് നൽകാം. ഇത് തുടർച്ചയായി രണ്ട് ദിവസം നൽകണം. മൃദു ആഹാരങ്ങളോട് ഒപ്പമാണ് കൊടുക്കുന്നത് എങ്കിൽ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ ഔഷധങ്ങൾ നൽകണം. ഇന്ന് നിലവിൽ ഒട്ടനവധി ഔഷധങ്ങൾ ലഭ്യമാണ്. ഔഷധങ്ങൾ നൽകുമ്പോൾ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണം നൽകാൻ.

ഇങ്ങനെ ആറ് ആഴ്ചവരെ മാറ്റി പാർപ്പിക്കുന്നത് വളരെ നല്ലതാണ്. ഈ കാലയളവിലെല്ലാം തന്നെ പക്ഷികളെ അതീവ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് അവർക്ക് ഏതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവരെ മറ്റു പക്ഷികളെ പാർപ്പിച്ചിരിക്കുന്ന ഏവിയേറിൽ അവരെ പാർപ്പിക്കാം. ഇങ്ങനെ പക്ഷികളെ മാറ്റി പാർപ്പിച്ച് ശുശ്രൂഷിക്കുന്നതിനെയാണ് ക്യുറൻറ്റൈൻ (Quarantine) ചെയ്യുന്നു എന്ന് പറയുന്നത്.

പ്രജനനത്തിനാവശ്യമായ കൂടുകൾ:
പ്രജനനത്തിനായി കൂടുകൾ ഒരുക്കുമ്പോൾ വായുസഞ്ചാരം സൂര്യപ്രകാശം എന്നിവ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ് ഇതുകൂടാതെ സസ്പെന്ഡ് (അടിവശം കമ്പി വലകളാൽ നിർമ്മിക്കപ്പെട്ടത്) കൂടുകളാണ് പക്ഷികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ അനുയോജ്യം. കൂടുകൾക്ക് പരമാവധി നീളം 6-അടി, വീതി 2.5-അടി, പൊക്കം 3-അടിയും ഉണ്ടായിരിക്കണം. അതോടൊപ്പം പ്രജനനത്തിന് ഉപയോഗിക്കുന്ന അടയിരിക്കൽ അറകളുടെ (BREEDING BOX) പൊക്കം 15-ഇഞ്ച്, വീതി 12-ഇഞ്ച്, നീളം 12-ഇഞ്ച്, ഹോൾ 3-ഇഞ്ചും വേണം ഇത് തടികളിൽ നിർമിക്കുന്നതാണ് കൂടുതൽ ഉത്തമം. ഇതുകൂടാതെ അടയിരിക്കൽ അറക്കുള്ളിൽ (BREEDING BOX) ചിന്തേര് പൊടി  (WOOD SHAVINGS) കൂടി നൽകണം. സൺ-കോന്യൂറുകൾക്ക് ഇരിക്കുന്നതിനായി 1.75-ഇഞ്ച് വൃത്താകൃതിയിലുള്ള മരക്കഷണങ്ങൾ കൂടുകളിൽ സ്ഥാപിക്കണം.
കൂടുകൾ തറയിൽ നിന്നും മൂന്നടി പൊക്കത്തിൽ കുറയാതെ സ്ഥാപിക്കണം. അതുകൂടാതെ കൂടുകൾ ഒന്നിനുമുകളിൽ ഒന്നായി വയ്ക്കുന്നത് സൺ-കോണൂറുകളുടെ  പ്രജനനത്തെ ബാധിക്കും. അതുകൊണ്ട് അവരുടെ കൂടുകൾ വരിവരിയായി നിരത്തി തറയിൽ നിന്നും മൂന്നടി ഉയരത്തിൽ സ്ഥാപിക്കണം. കൂടുതൽ സ്വകാര്യത കിട്ടുന്ന രീതിയിൽ കൂടുകൾ നിർമ്മിക്കുകയാണ് എങ്കിൽ അത് പ്രജനനത്തെ കൂടുതൽ ഉത്തേജിപ്പിക്കും.

കൂടുകളിലെ പ്രജനനം:
ഡി.എൻ.എ ലിംഗ പരിശോധനയിലൂടെയോ, സർജിക്കൽ ലിംഗ പരിശോധനയിലൂടെയോ കണ്ടെത്തിയ വ്യത്യസ്തങ്ങളായ രണ്ടു മാതാപിതാക്കളുടെ  ഇരുപത്തിനാല് മാസം പ്രായമുള്ള പൂർണ്ണ ആരോഗ്യവാന്മാരായ ആൺ-പെൺ സൺ-കോന്യൂറുകളെ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ പാർപ്പിച്ച് നല്ല പോഷകസമൃദ്ധമായ ആഹാരം നൽകി പ്രജനനത്തിനുവേണ്ടി തയ്യാറാക്കാം. ഈ കാലയളവിലെല്ലാം അവരെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ അത് പരിഹരിച്ച് കൊടുക്കുകയും വേണം.
പ്രജനനത്തിന് മുൻകൈയെടുക്കുന്നത് ആൺ സൺ-കോന്യൂറുകളാണ് അതിൻറെ ആദ്യപടിയായി അവർ പകൽ സമയങ്ങളിൽ അടയിരിക്കൽ അറ (BREEDING BOX)  പരിശോധിക്കുകയും പ്രജനനത്തിനായി പെൺ സൺ-കോന്യൂറുകൾക്ക്  ആഹാരം നൽകി പ്രേരിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ ഇത് ദിവസങ്ങളോളം ഉണ്ടാകാം. പ്രജനനത്തിന് പെൺ സൺ-കോന്യൂറുകൾ തയ്യാറാകുന്നതോടുകൂടി അവർ ഇണചേരുകയും ചെയ്യും.  (ഇണ ചേരുന്നതിന് 2 മുതൽ 3 മിനിട്ട് വരെ എടുക്കാറുണ്ട്) ഇണ ചേർന്ന് കഴിഞ്ഞാൽ പൊതുവേ ആൺ സൺ-കോന്യൂറുകൾ പെൺ സൺ-കോന്യൂറുകൾക്ക് കൂടുതൽ സംരക്ഷണം നൽകും ഈ സമയത്ത് മറ്റ് ഏതെങ്കിലും തരത്തിലുള്ള ശല്യങ്ങൾ അവർക്കുണ്ടായൽ ആൺ സൺ-കോന്യൂറുകളും, പെൺ സൺ-കോന്യൂറുകളും അക്രമാശക്തരാകും. ഇണചേരലിന് ശേഷം, പെൺ സൺ-കോന്യൂറുകൾ  കൂടുതൽ സമയവും അടയിരിക്കൽ അറക്കുള്ളിൽ (BREEDING BOX) ചെലവഴിക്കും. മുട്ട ഇടുന്നതിനുമുമ്പ് പെൺ സൺ-കോന്യൂറുകളുടെ അടിവയർ വീർത്തു വരികയും അവരുടെ കാലുകൾ അകത്തി തൂവലുകൾ ചെറിയ രീതിയിൽ ഉയർത്തിയ നിലയിലും കാണപ്പെടാറുണ്ട്.

പെൺ സൺ-കോന്യൂറുകൾ ഒന്നോ രണ്ടോ ഇടവിട്ട ദിവസങ്ങളിൽ മൂന്നു മുതൽ നാല് വെളുത്ത മുട്ടകൾ വരെ ഇടാറുണ്ട്. (ചില സന്ദർഭങ്ങളിൽ അതിൽ കൂടുതൽ മുട്ടകൾ ഇടാറുണ്ട്) പെൺ സൺ-കോന്യൂറുകൾ ആണ് കൂടുതലും അടയിരിക്കുന്നത് ചില സന്ദർഭങ്ങളിൽ രണ്ടു പേരും ചേർന്ന് അടയിരിക്കാറുണ്ട്. ഇതോടൊപ്പം ആഹാരം കഴിക്കുന്നതിനായി പെൺ സൺ-കോന്യൂറുകൾ കൂടിനു പുറത്തുവരികയും ചില സന്ദർഭങ്ങളിൽ ആൺ സൺ-കോന്യൂറുകൾ പെൺ സൺ-കോന്യൂറുകൾക്കുവേണ്ടി ആഹാരം കൂടിനുള്ളിൽ എത്തിച്ചു കൊടുക്കാറുണ്ട്. ഇരുപത്തിമൂന്ന് മുതൽ ഇരുപത്തിഅഞ്ച് ദിവസമാകുമ്പോൾ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നു ഈ സന്ദർഭത്തിൽ മാതാപിതാക്കൾ ചേർന്നാണ് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നത്. പന്ത്രണ്ട് മുതൽ പതിനാല് ദിവസം ആകുമ്പോൾ തൂവലുകൾ ചെറുതായി വന്നുതുടങ്ങും. പതിനാല് മുതൽ പതിനെട്ട് ദിവസം ആകുമ്പോൾ കുഞ്ഞുങ്ങളുടെ കാലിൽ നമ്മുടെ വളയങ്ങൾ (LEG BAND) ഇടാം. (റിങ്ങുകളുടെ അളവിൽ വരുന്ന നേരിയ വ്യത്യാസങ്ങൾ കൊണ്ട് ദിവസങ്ങളിൽ ചിലപ്പോൾ വ്യത്യാസങ്ങൾ വന്നേക്കാം) ഏഴ് മുതൽ എട്ട് ആഴ്ച ആകുമ്പോൾ ചിറകുകൾ പൂർണമായും വളരുകയും കുട്ടികളിൽ നിന്നും പുറത്തുവരികയും പറക്കാൻ തുടങ്ങുകയും മാതാപിതാക്കളോടൊപ്പം ആഹാരം കഴിക്കുകയും ചെയ്യും. തൊണ്ണൂറ് ദിവസം പ്രായമായ സൺ-കോന്യൂർ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സഹായമില്ലാതെതന്നെ ആഹാരം കണ്ടെത്തുകയും സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങുകയും ചെയ്യും. ഈ സമയത്ത് ഇവരെ മാറ്റി മറ്റു കൂടുകളിൽ പാർപ്പിക്കാം.
വനങ്ങളിൽ ലഭിക്കുന്ന ആഹാരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കൂടുകളിൽ നമ്മൾ സൺ-കോന്യൂറുകൾക്ക് ആഹാരം നൽകുന്നത്. അതുകൊണ്ട് അവരുടെ പ്രജനനത്തിനും വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. വനങ്ങളിൽ വർഷത്തിൽ ഒരുതവണ മാത്രമാണ് സൺ-കോന്യൂറുകൾ പ്രജനനം നടത്തുന്നത് എന്നാൽ കൂടുകളിൽ ഇത് വ്യത്യസ്തമായി രണ്ടോ അതിൽ കൂടുതലോ തവണ നടക്കാറുണ്ട്. അവരുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് പ്രധാനകാരണം. നല്ല രോഗപ്രതിരോധശേഷിയുള്ള പക്ഷികളാണ് സൺ-കോന്യൂറുകൾ അതുകൊണ്ട് അവർക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നും തന്നെ വനങ്ങളിൽ വരാറില്ല. എന്നാൽ കൂടുകളിൽ അടച്ചിട്ട് വളർത്തുമ്പോൾ മതിയായ പരിപാലനം കിട്ടാതെ വന്നാൽ അവർക്ക് പലതരത്തിലുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും സൺ-കോന്യൂറുകളെ വളരെ ശ്രദ്ധാപൂർവം വേണം പരിപാലിക്കാൻ. ഇവർ വനങ്ങളിൽ ശരാശരി 20 മുതൽ 30 വർഷം വരെ ജീവിച്ചിരിക്കും. എന്നാൽ കൂടുകളിൽ ഇത് വ്യത്യസ്തമാണ്.
ഇന്ന് സൺ കോന്യൂറുകളുടെ നിരവധി കള്ളർ മ്യൂട്ടേഷനുകൾ നിലവിലുണ്ട്. പൈഡ് സൺ-കോന്യൂ(NORMAL PIED SUN CONURE), യെല്ലോ ഡൊമിനെൻറ്റ് സൺ-കോന്യൂർ (YELLOW DOMINANT SUN CONURE, SELECTIVE MUTATION), ഡോമിൻറ്റ് റെഡ് ഫാക്ടർ സൺ-കോന്യൂ(DOMINANT  RED FACTOR SUN CONURE), ഡോമിൻറ്റ് റെഡ് ഫാക്ടർ പൈഡ് സൺ-കോന്യൂ(DOMINANT RED FACTOR PIED SUN CONURE), നീല സൺ-കോന്യൂർ (BLUE SUN CONURE) എന്നിവയാണ്.



തിരുവനന്തപുരം
9446614358
WhatsApp Contact.

Akhilchandrika
thank you

ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

Comments