പസഫിക് പാരലെറ്റ്, PACIFIC PARROTLET.

സാധാരണ പേര്:                 പസഫിക് പാരലെറ്റ് (PACIFIC PARROTLET)
ശാസ്ത്രീയ നാമം:      ഫോർപ്‌സ് കോലസ്റ്റിസ് (FORPUS COELESTIS)
ഉത്ഭവം:                               ഇക്വഡോർ (ECUADOR) പെറു (PERU)
ശരീരവലിപ്പം:         4.5 ഇഞ്ച് മുതൽ 5.5 അഞ്ചുവരെ.
ശരീരഭാരം:           31 മുതൽ 34-ഗ്രാം.
ശബ്ദ തലം:                          മിതത്വം.
ലൈംഗികത:            കണ്ടു മനസ്സിലാക്കാം.
പായപൂര്ത്തി:        ഏതാണ്ട് 10 മാസം.
ലൈംഗിക പക്വത:     ഏകദേശം 14 മാസങ്ങൾ.
പ്രജനനകാലം:         ജനുവരി മുതൽ മെയ്(വനങ്ങളിൽ).
പ്രജനനം:             വർഷത്തിൽ 1 പ്രാവശ്യം (വനങ്ങളിൽ).
ശരാശരി മുട്ടകൾ:       4 മുതൽ 6 വെള്ള മുട്ടകൾ.
മുട്ടകൾ വിരിയാനെടുക്കുന്ന സമയം: 18 മുതൽ 20 ദിവസം.
റിങ്സ് വലിപ്പം:              4.3 മില്ലീമീറ്റർ.
ശരാശരി ആയുസ്സ്:     15 മുതൽ 20 വർഷം (വനങ്ങളിൽ).


ആരിലും കൗതുകമുണർത്തുന്നതും ആരാധന ജനിപ്പിക്കുകയും ചെയ്യുന്ന ചെറു തത്തകൾ ആണ് പസഫിക് പാരലെറ്റ് (PACIFIC PARROTLET) ശാസ്ത്രീയ നാമം ഫോർപ്‌സ് കോലസ്റ്റിസ് (FORPUS COELESTIS). ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുവശത്തുള്ള രാജ്യങ്ങളായ പടിഞ്ഞാറൻ ഇക്വഡോർ (ECUADOR) മുതൽ വടക്കുപടിഞ്ഞാറൻ പെറു (PERU)  വരെയുള്ള പെസഫിക് നദീതീരത്ത്നോട് ചേർന്നുള്ള ഉഷ്ണമേഖല വനങ്ങളിൽ ആണ് പസിഫിക് പാരലെറ്റുകളെ കാണപ്പെടുന്നത്. വനങ്ങളിൽ സമൃദ്ധമായി ഫലവർഗങ്ങൾ ലഭിക്കുന്ന പ്രദേശങ്ങളിലെ വൃക്ഷങ്ങളിൽ ചെറു കൂട്ടങ്ങളായാണ് പസഫിക് പാരലെറ്റ്കളേ കാണാറുള്ളത്. ഫലവർഗങ്ങളും ധാന്യങ്ങളും തളിരിലകളും ആണ് ഇവരുടെ വനങ്ങളിലെ ഇഷ്ട ആഹാരം. പ്രജനനകാലം ആകുമ്പോൾ ഇണകളെ കണ്ടെത്തി അവർ മരങ്ങളിലെ പൊത്തുകളിലോ മൺതിട്ടകളിലെ പൊത്തുകളിലോ കൂടൊരുക്കി പ്രചരണം നടത്തുന്നു.
പ്രായപൂർത്തിയായ ഒരു പെസഫിക് പാരലെറ്റിന് 4.5 മുതൽ 5.5 ഇഞ്ച് ശരീരവലിപ്പം മാത്രമേ ഉള്ളൂ. അതുകൂടാതെ അവരുടെ ശരീരഭാരം 31 മുതൽ 34 ഗ്രാം മാത്രമാണ്. ഒരുപ്രാവശ്യം ശരാശരി മുതൽ 6 വെളുത്ത മുട്ടകൾ ഇടുകയും 18 മുതൽ 20  ദിവസംകൊണ്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ശരാശരി 12 വർഷം വരെ വനങ്ങളിൽ പ്രജനനം നടത്താറുണ്ട്. ഇവരുടെ ശരാശരി വനങ്ങളിലെ ആയുസ്സ് 15 മുതൽ 20 വർഷം വരെയാണ് എന്നാൽ കൂടുകളിൽ ഇത് വ്യത്യസ്തമാണ്.
നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ നല്ലതുപോലെ ഇണങ്ങിച്ചേർന്ന് വളരുകയും. നല്ല രീതിയിലുള്ള പ്രജനന കാഴ്ചവയ്ക്കുന്നവരും ആണ് പസഫിക് പാരലെറ്റ്. പൊതുവെ മനുഷ്യരോട് കൂടുതൽ അടുക്കുകയും ചെറിയ രീതിയിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ഇണക്കി അരുമയായി വളർത്താൻ പറ്റിയവരും ആണ്. അതുകൊണ്ട് ഇവരെ പോക്കറ്റ് പാരലെറ്റ് എന്നും ഒരു പേരുകൂടി നിലവിലുണ്ട്.

സാധാരണഗതിയിൽ പസഫിക് പാരലെറ്റുകൾ നല്ല രോഗ പ്രതിരോധശേഷിയുള്ളവരാണ് അതുകൊണ്ട് അവർക്ക് ശുചിത്വമുള്ള കൂടും പരിസരവും പോഷകസമൃദ്ധമായ ആഹാരവും ശുദ്ധമായ ജലവും നൽകുകയാണെങ്കിൽ പാരലെറ്റുകൾക്ക് പൊതുവേ മറ്റ് അസുഖങ്ങളൊന്നും തന്നെ വരാറില്ല.

കൂടുകൾ ഒരുക്കുമ്പോൾ:
     പൊതുവേ പസഫിക് പാരലെറ്റുകൾ പ്രജനനത്തിന് സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് അവർക്ക് കൂടുകൾ ഒരുക്കുമ്പോൾ അതീവ ശ്രദ്ധ കൊടുക്കണം. ഒരു ജോഡി പാരലെറ്റുകൾക്ക് ഒരു കൂട് എന്ന രീതിയിൽ വേണം കൂടുകൾ ഒരുക്കാൻ. അതുപോലെ അടുത്തടുത്തുള്ള കൂടുകളിൽ ഉള്ള പക്ഷികൾ പരസ്പരം കാണാത്തവിധം കൂടുകൾ നിർമിക്കുന്നത് പ്രജനനത്തിന് കൂടുതൽ സഹായകരമാകും. പ്രജനനത്തിനായി തയ്യാറാക്കുന്ന കൂടുകൾക്ക് നീളം 2.5 അടിയും, പൊക്കം 1.5 അടിയും, വീതി 1.5 അടിയും, കുറഞ്ഞത് ഉണ്ടായിരിക്കണം. പാരലെറ്റുകൾക്ക് ഇരിക്കുന്നതിനായി ഒരിഞ്ച് വണ്ണമുള്ള ഉരുണ്ട കമ്പുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. അതുപോലെ പ്രജനനത്തിന് ഉപയോഗിക്കുന്ന അടയിരിക്കൽ അറകൾ (BREEDING BOX)  ഇടുങ്ങിയതാണ് കൂടുതൽ നല്ലത്. നീളം 20-സെൻറീമീറ്റർ, പൊക്കം 25-സെൻറീമീറ്റർ, വീതി 20-സെൻറീമീറ്റർ, ഇത് തടികളിൽ നിർമിക്കുന്നതാണ് കൂടുതൽ ഉത്തമം. പ്രവേശന കവാടത്തിന് 2.25-ഇഞ്ചും വേണം, അടയിരിക്കൽ അറകൾക്കുള്ളിൽ (BREEDING BOX) ചിന്തേര് പൊടി  (WOOD SHAVINGS) നൽകുന്നത് കൂടുതൽ ഉത്തമമാണ്.

കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ:
     കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ. മൂന്നു മുതൽ നാലു മാസം പ്രായമായവരെ വേണം തിരഞ്ഞെടുക്കാൻ. അതുകൂടാതെ ആണിനേയും പെണ്ണിനേയും ദൃശ്യ നിരീക്ഷണത്തിലൂടെ ലിംഗം നിർണ്ണയിക്കാൻ പറ്റുന്നത് കൊണ്ട് പ്രജനനത്തിനു വേണ്ടി കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ എളുപ്പമാണ്. അതു കൂടാതെ കുഞ്ഞുങ്ങളുടെ ആരോഗ്യവും തൂക്കവും, ഉരുണ്ട തിളക്കമാർന്ന കണ്ണുകൾ, ആരോഗ്യത്തോടെ തിളങ്ങുന്ന തൂവലുകൾ, ശരീരാകൃതി, കാലുകളുടെയും ചിറകുകളുടെയും ചുണ്ടുകളുടെയും നഖങ്ങളുടെ ആരോഗ്യം, എന്നിവ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു വേണം കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുവാൻ. അതോടൊപ്പം മാതാപിതാക്കളുടെ ആരോഗ്യവും വളരെ പ്രധാനപ്പെട്ട ഒന്നാണ് അതുകൂടി കണ്ട് ഉറപ്പുവരുത്തേണ്ടതാണ്.
അസാധാരണ രീതിയിലുള്ളതോ മുറിഞ്ഞതോ നിരതെറ്റിയതോ മങ്ങിയതോ ആയ തൂവലുകൾ. തളർന്ന് തൂങ്ങിയ ചിറകുകൾ കുഴിഞ്ഞ കണ്ണുകൾ. ശ്വാസോച്വാസത്തിനഅനുസരിച്ച് ചലിപ്പിക്കുന്നതോ താഴ്ത്തി ഇട്ടതോ ആയ വാലുകൾ പൊട്ടിയതോ അസ്വാഭാവികമായ വളർച്ച ഉള്ളതോ ആയ ചുണ്ടുകൾ എന്നിവ ആരോഗ്യമില്ലാത്ത പക്ഷികളുടെ ലക്ഷണമാണ്.
     
  വ്യത്യസ്തങ്ങളായ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ വേണം പ്രജനനത്തിന് തിരഞ്ഞെടുക്കാൻ. ഇതിലൂടെ ഇൻബ്രീഡിങ് (INBREEDING - ഒരേ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ ഇണ ചേര്‍ക്കല്‍) ഒഴിവാക്കാൻ കഴിയും ഇത് ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന് സഹായകരമാകും. അല്ലാത്തപക്ഷം ഒരേ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ തമ്മിൽ പ്രജനനം നടത്തിയാൽ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ജനിതക വൈകല്യങ്ങളും. പാരമ്പര്യ രോഗങ്ങളും വരാനുള്ള സാധ്യത ഏറെയാണ.

പുതിയതായി ഒരു അതിഥി എത്തിയാൽ:
പുതിയതായി വാങ്ങിയ പസഫിക് പാരലെറ്റ്കളെ നമ്മുടെ കൂടുകളിൽ (AVIARY) ഉള്ള മറ്റു പക്ഷികളോടൊപ്പം പാർപ്പിക്കാതെ അവരെ ക്യുറൻറ്റൈൻ ചെയ്യുന്നതിനായി (QUARANTINE)  പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സ്ഥലത്തുള്ള കൂടുകളിൽ പാർപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ കൂട്ടിൽ ഉള്ള പക്ഷികൾക്ക് പുതുതായി വന്ന പക്ഷികളിൽ നിന്നുമുള്ള രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കാം. ചില സന്ദർഭങ്ങളിൽ പക്ഷികളിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായി കാണാൻ കഴിഞ്ഞില്ല എങ്കിലും അവരുടെ ശരീരത്തിൽ പലതരം രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് അവരെ മാറ്റി പാർപ്പിച്ചില്ലായെങ്കിൽ അത് ചിലപ്പോൾ നമ്മുടെ കൂടുകളിലെ പക്ഷികളിൽ രോഗം പടരാനുള്ള സാധ്യത തള്ളികളയാനാകില്ല.

പക്ഷികളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ട് എങ്കിൽ അവരുടെ ശരീരത്തിലെ പരാദങ്ങൾ വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ കൂടുകളിൽ ഉള്ള പക്ഷികളിൽ എത്തപ്പെടുകയും രോഗം പകരാനുള്ള സാധ്യത ഏറെയാണ്അതുകൊണ്ട് പുതുതായി കൊണ്ടുവരുന്ന പക്ഷികളെ ആദ്യം തന്നെ പരാദം നിയന്ത്രണത്തിനുള്ള എവിയൻ ഇൻസെക്റ്റ് ലിക്വിഡേറ്റർ (AVIAN INSECT LIQUIDATOR https://akhilchandrika.blogspot.com/2019/05/avian-insect-liquidator.html?spref=pi ) പോലെയുള്ള മരുന്നുകൾ സ്പ്രേ ചെയ്യുന്നതും സ്‌കാറ്റ് (SCATT https://akhilchandrika.blogspot.com/2019/06/scatt.html?spref=pi ) പുരട്ടുന്നതിലൂടെയും പക്ഷികളുടെ ശരീരത്തിലെ പരാദങ്ങളും മറ്റും പൂർണമായും നശിപ്പിക്കാൻ സഹായിക്കും ഇത് മറ്റു പക്ഷികളിൽ അസുഖങ്ങൾ പകരുന്നത് തടയുന്നതിന് ഉത്തമമായ മാർഗ്ഗമാണ്.

പൊതുവേ നല്ല രോഗപ്രതിരോധശേഷിയുള്ള പക്ഷികൾ ആണെങ്കിലും പല സാഹചര്യങ്ങളിൽ മറ്റു പക്ഷികളോട്ഒപ്പം പാർപ്പിക്കുന്നത്കൊണ്ട് ചില സന്ദർഭങ്ങളിൽ പസഫിക് പാരലെറ്റ്കളുടെ ശരീരത്തിൽ രോഗാണുക്കൾ ഉണ്ടാകാൻ സാധ്യത ഉണ്ട് അതിനാൽ പുതുതായി വാങ്ങി കൊണ്ടു വരുന്ന പസഫിക് പാരലെറ്റ്കൾക്ക് ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ആവശ്യമായ ആൻറിബയോട്ടിക് ഔഷധങ്ങൾ ഈ സന്ദർഭത്തിൽ നൽകുന്നത് ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ട് എങ്കിൽ അവ നശിക്കുന്നതിനും. ഭാവിയിൽ നമ്മുടെ കൂടുകളിൽ ഉള്ള മറ്റു പക്ഷികളിൽ അസുഖം പടരുന്നതും തടയാനും കഴിഞ്ഞു.

ആൻറിബയോട്ടിക് മെഡിസിനുകൾ കൊടുക്കുന്ന സമയത്ത് പസഫിക് പാരലെറ്റ്കളുടെ ശരീരത്തിൽ ഉള്ള രോഗാണുകളോടൊപ്പം ശരീരത്തിലെ ദഹനത്തിന് സഹായിക്കുന്ന സൂക്ഷ്മാണുക്കളും നശിക്കുന്നു. അതിനാൽ ആൻറിബയോട്ടിക് കൊടുത്തുകഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ തന്നെ പ്രോബയോട്ടിക് കൃത്യമായും നൽകിയിരിക്കണം. ഇതിലൂടെ ശരീരത്തിലെ ദഹനത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ തിരിച്ചുകൊണ്ടുവരാനും അതുവഴി മറ്റു ദോഷകരമായ സൂക്ഷ്മാണുക്കൾ പെരുകുന്നത് തടയാനും കഴിയും.

മൂന്നു മുതൽ നാലു മാസം പ്രായമായ പസഫിക് പാരലെറ്റ് കുഞ്ഞുങ്ങൾക്ക് വിരയിളക്കാൻ ഉള്ള മരുന്ന് നൽകണം. ഇതിനായി വാൽമൌട്ട്-ജെൽ (WORMOUT GEL https://akhilchandrika.blogspot.com/2019/05/wormout-gel.html ) പോലെയുള്ള ഔഷധങ്ങൾ വളരെ ഫലപ്രദമാണ്. 2-ml വാൽമൌട്ട്-ജെൽ 160ml ശുദ്ധമായ വെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി പസഫിക് പാരലെറ്റ്കൾക്ക് നൽകാം. ഇത് തുടർച്ചയായി രണ്ട് ദിവസം നൽകണം. (മൃദു ആഹാരങ്ങളോട് ഒപ്പമാണ് കൊടുക്കുന്നത് എങ്കിൽ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ ഔഷധങ്ങൾ നൽകണം) ഇന്ന് നിലവിൽ ഒട്ടനവധി ഔഷധങ്ങൾ ലഭ്യമാണ്. ഔഷധങ്ങൾ നൽകുമ്പോൾ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണം നൽകാൻ.

ഇങ്ങനെ രണ്ടു മാസം വരെ മാറ്റി പാർപ്പിക്കുന്നത് വളരെ നല്ലതാണ്. ഈ കാലയളവിലെല്ലാം തന്നെ പക്ഷികളെ അതീവ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് അവർക്ക് ഏതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവരെ മറ്റു പക്ഷികളെ പാർപ്പിച്ചിരിക്കുന്ന ഏവിയേറിൽലുള്ള  കൂടുകളിൽ പാർപ്പിക്കാo. ഇങ്ങനെ പക്ഷികളെ മാറ്റി പാർപ്പിച്ച് ശുശ്രൂഷിക്കുന്നതിനെയാണ് ക്യുറൻറ്റൈൻ (QUARANTINE) ചെയ്യുന്നു എന്ന് പറയുന്നത്.
ഭക്ഷണക്രമം:
     പാരലെറ്റുകൾക്ക് നല്ല പോഷകസമൃദ്ധമായ ആഹാരം ആവശ്യമാണ് അതുകൊണ്ട് അവരുടെ ഒരു ദിവസത്തിലെ ഭക്ഷണത്തിൽ വിവിധയിനം ഉണങ്ങിയ ധാന്യങ്ങൾ (SEED MIX) (എല്ലാ തരം തിനകൾ, സൂര്യകാന്തി വിത്ത്, ചെറിയതരം ഗോതമ്പ്, കഷ്ണങ്ങളാക്കിയ ചോളം, കാനറി സീഡ് ), കുതിർത്തതും മുളപ്പിച്ചതും ആയിട്ടുള്ള പയറുവർഗങ്ങൾ (ചെറുപയർ, കടല, ഗ്രീൻപീസ്, വൻപയർ, മുതിര, ചോളം, ഗോതമ്പ്,), പച്ചക്കറികൾ (ക്യാരറ്റ്ബീറ്റ്റൂട്ട്, ബീൻസ്, കുക്കുംബർ, പാകമാകാത്ത പുളി, ചീര വർഗ്ഗത്തിൽപ്പെട്ട ചെടികളുടെ ഇല), ഫലവർഗങ്ങൾ (പപ്പായ, തണ്ണിമത്തൻ, പേരയ്ക്കാ, മാതളം), മൃദു ആഹാരങ്ങൾ- (EGG FOOD, SOFT FOOD) എന്നിവ ഉൾപ്പെടുത്തണംഇതിലൂടെ അവരുടെ ശരീരത്തിനാവശ്യമായ വിറ്റാമിൻ, മിനറൽസ് എന്നിവ  കൃത്യമായ അളവിൽ ലഭിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. അതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശുദ്ധമായ ജലം എല്ലായിപ്പോഴും കൂടുകളിൽ ശുദ്ധമായ ജലം ഉറപ്പുവരുത്തണം. പക്ഷികളിൽ എല്ലായിപ്പോഴും ജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ് അസുഖങ്ങൾ പകരുന്നത് അതുകൊണ്ട് അവർക്ക് ആഹാരം നൽകുമ്പോൾ അതീവ ശ്രദ്ധ കൊടുക്കേണ്ടതാണ്.




     കുഞ്ഞുങ്ങൾ ഉള്ള സമയത്ത് ധാന്യങ്ങളും പച്ചക്കറികളും ഫലവർഗങ്ങളും മൃദു ആഹാരങ്ങളും അവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇതുകൂടാതെ ശുദ്ധമായ ജലവും കുടിക്കുന്നതിനായി നൽകണം. ഇത് കുഞ്ഞുങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നമുക്ക് ലഭിക്കുകയും ചെയ്യും. കുതിർത്തതും മുളപ്പിച്ചതും ആയ പയറുവർഗ്ഗങ്ങൾ ഒഴിവാക്കുന്നത് ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് പൂപ്പൽ അസുഖങ്ങൾ (FUNGAL INFECTION) ഉണ്ടാകുന്നതു തടയാനും അതിലൂടെ  കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സാധിക്കും.

ഇണകളെ കണ്ടെത്തുന്നത്:
പസഫിക് പാരലെറ്റുകളെ കാഴ്ചയിൽതന്നെ ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയും. എന്നാൽ ചില വർഗ്ഗത്തിൽ പെട്ടവരെ ഡി.എൻ.(DNA) ലിംഗ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയുകയുള്ളൂ ഉദാഹരണം: ആൽബിനോ (ALBINO), ലൂട്ടീനോ (LUTINO). എന്നാൽ പ്രഗത്ഭനായ ഒരു ബ്രീഡർക്ക് അവരുടെ തൂവലുകൾ അതീവ സൂക്ഷ്മമായി പരിശോധിച്ച് കണ്ടെത്താൻ കഴിയും
സാധാരണ വനങ്ങളിൽ കാണുന്ന പച്ച നിറത്തിലുള്ള പസഫിക് പാരലെറ്റുകളിൽ ആൺ പക്ഷികളുടെ മുഖം തിളക്കമാർന്ന ഇളം പച്ചനിറത്തിൽ ആണ്. ഇതുകൂടാതെ കറുത്ത കണ്ണുകളും. കണ്ണുകളുടെ പുറകുവശത്തായി നീലനിറത്തിലുള്ള പാടും കഴുത്തിന് പിന്നിൽ ഒലിവ് പച്ചനിറത്തിൽ നീലകലർന്ന തൂവലുകളുണ്ട്. ശരീരത്തിൻറെ പുറംഭാഗം തിളക്കമാർന്ന ഒലിവ് പച്ച നിറവും അടിഭാഗം ഇളം ഒലീവ് പച്ചനിറമാണ്. ചിറകുകളുടെ വശങ്ങളിലായി കടും നീലനിറത്തിലുള്ള തൂവലുകളും മുതുക് ഭാഗം മുതൽ വാലുകളുടെ തുടക്കം വരെ വൈലറ്റ് കലർന്ന കടും നീല നിറവും അഗ്രഭാഗം കടും പച്ച നിറവും ആണ്. എന്നാൽ പെൺ പസഫിക് പാരലെറ്റുകളിൽ ശരീരത്തിലെ തൂവലുകൾക്ക് ആൺ പക്ഷികളെ കാൾ തിളക്കം കുറഞ്ഞ ഒലീവ് പച്ചനിറമാണ് അതുകൂടാതെ ചിറകുകളുടെ വശങ്ങളിൽ ഇരുണ്ട തൂവലുകളും.  മുതുക് ഭാഗം മുതൽ വാലുകളുടെ തുടക്കം വരെ പച്ചനിറവും വാലുകളുടെ അഗ്രഭാഗം ഇരുണ്ട പച്ച നിറവുമാണ്. ഇതുകൂടാതെ കണ്ണുകളുടെ പിന്നിലായി ഉള്ള നീല നിറം ഇവർക്ക് നേരിയതോതിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.



   നീല നിറത്തിലുള്ള പസഫിക് പാരലെറ്റുകളിൽ ആൺ പക്ഷികളുടെ മുഖം തിളക്കമാർന്ന ഇളം ആകാശ നീലനിറവും, കറുത്ത കണ്ണുകളും. കണ്ണുകളുടെ പുറകുവശത്തായി വയലറ്റ് നിറത്തിലുള്ള പാടുകളുണ്ട് ഇതുകൂടാതെ കഴുത്തിനു പുറകുവശം ഇരുണ്ട് നീലനിറത്തിൽ വയലറ്റ് കലർന്ന തൂവലുകളാണ്. ശരീരത്തിൻറെ പുറംഭാഗം ഇരുണ്ട നീലനിറവും അടിഭാഗം ഇളം ആകാശനീല നിറവുമാണ്. ചിറകുകളുടെ വശങ്ങളിലായി കടും നീലനിറത്തിലുള്ള തൂവലുകളും മുതുക് ഭാഗം മുതൽ വാലുകളുടെ തുടക്കം വരെ വയലറ്റ് കലർന്ന കടും നീല നിറവും അഗ്രഭാഗം ഇരുണ്ട നീലനിറവും ആണ്. എന്നാൽ പെൺ പസഫിക് പാരലെറ്റുകളിൽ ശരീരത്തിലെ തൂവലുകൾക്ക് ആൺ പക്ഷികളെ കാൾ തിളക്കം കുറഞ്ഞ ആകാശ നീല നിറമാണ് അതുകൂടാതെ ചിറകുകളുടെ വശങ്ങളിൽ ഇരുണ്ട തൂവലുകളും.  മുതുക് ഭാഗം മുതൽ വാലുകളുടെ തുടക്കം വരെ ഇരുണ്ട നീലനിറവും. വാലുകളുടെ അഗ്രഭാഗം നീലനിറവും ആണ്. ഇതുകൂടാതെ കണ്ണുകളുടെ പിന്നിലായി ഉള്ള നീല നിറം ഇവർക്ക് ഉണ്ടാകാറില്ല.



പ്രജനനം:
പന്ത്രണ്ട് മുതൽ പതിനാലു മാസം പ്രായമായാൽ വ്യത്യസ്തങ്ങളായ മാതാപിതാക്കളിൽനിന്നും ഉള്ള പസഫിക് പാരലെറ്റുകളെ പ്രജനനത്തിന് തിരഞ്ഞെടുക്കാം. അതോടൊപ്പം അവർക്കാവശ്യമായ കാൽസ്യം, വിറ്റാമിൻ-ഡി, വിറ്റാമിൻ-, വിറ്റാമിൻ-, എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ആഹാരവും. ശുദ്ധമായ ജലവും കൃത്യമായ അളവിൽ കൃത്യമായ ഇടവേളകളിൽ നൽകണം. അതുകൂടാതെ മതിയായ സൂര്യപ്രകാശവും  വായുസഞ്ചാരവും കൂടുകളിൽ ഉറപ്പുവരുത്തേണ്ടതാണ്. ഇത് പക്ഷികളെ കൂടുതൽ കരുത്തുറ്റവരക്കുകയും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ  ലഭിക്കുകയും ചെയ്യും.

    പസഫിക് പാരലെറ്റുകൾ പരസ്പരം ജോഡികളായി കഴിഞ്ഞാൽ കൂടുതൽ അടുത്ത് ഇരിക്കുകയും ആഹാരങ്ങൾ കൈമാറുകയും  ചെയ്യും. പ്രജനനത്തിന് മുൻകൈയെടുക്കുന്നത് ആൺ പാരലെറ്റുകളാണ് അതിൻറെ ആദ്യപടിയായി പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കുകയും  ഇതിനുശേഷം അടയിരിക്കൽ അറ (BREEDING BOX)  പരിശോധിക്കുകയും. ഇരുവരും ചേർന്നു അടയിരിക്കൽ അറയെ മുട്ടയിടുന്നതിനായി തയ്യാറാക്കുകയും ചെയ്യും. അതിനുശേഷം ആൺ പസഫിക് പാരലെറ്റുകൾ കൂട്ടിൽ കൂടുതൽ പറക്കുകയും ഇണയെ ആകർഷിക്കുന്നതിനായി  നൃത്തം ചെയ്യുകയും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. പ്രജനനത്തിന് പെൺ പാരലെറ്റുകൾ തയ്യാറാകുന്നതോടുകൂടി അവർ മരച്ചില്ലയിൽ ചേർന്ന് ഇരുന്നുകൊണ്ട് ഇണചേരുന്നു. ഇണചേർന്നു കഴിഞ്ഞാൽ മൂന്ന് മുതൽ എട്ട് ദിവസത്തിനുള്ളിൽ പെൺ പസഫിക് പാരലെറ്റുകൾ അടയിരിക്കൽ അറകൾക്കുള്ളിൽ (BREEDING BOX) മുട്ടകളിടുന്നു. മുട്ടയിടാൻ തുടങ്ങിയാൽ പെൺ പസഫിക് പാരലെറ്റുകൾ എപ്പോഴും അടയിരിക്കൽ അറകൾക്കുള്ളിൽ (BREEDING BOX) തന്നെ അടയിരിക്കും. ചില അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമാണ് അവർ പുറത്തുവരുക. അടയിരിക്കുന്ന സമയത്ത് പെൺ പസഫിക് പാരലെറ്റുകൾ പൊതുവേ നല്ല  ദേഷ്യം ഉള്ളവരായിരിക്കും. അവരെ ഈ സമയത്ത് ഒട്ടുംതന്നെ ശല്യം ചെയ്യരുത്. അടയിരിക്കൽ അറകൾക്കുള്ളിൽ (BREEDING BOX) കഴിയുന്ന കാലയളവിലെല്ലാം ആൺ പസഫിക് പാരലെറ്റുകൾ പെൺ പസഫിക് പാരലെറ്റുകൾ ആഹാരം എത്തിച്ചുകൊടുക്കുന്നത്.
19 മുതൽ 20 ദിവസമാകുമ്പോൾ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും ആ സമയത്ത് ആൺ പസഫിക് പാരലെറ്റും പെൺ പസഫിക് പാരലെറ്റും ചേർന്ന് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകും. 13 മുതൽ 17 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങളുടെ കാലിൽ നമ്മുടെ വളയങ്ങൾ (LEG BAND 4.1 OR 4.3-MM) ഇടാം. സാധാരണഗതിയിൽ  4 മുതൽ 6 ആഴ്ച ആകുമ്പോൾ കുഞ്ഞുങ്ങൾ അടയിരിക്കൽ അറകളിൽ നിന്നും (BREEDING BOX) പുറത്തുവരും. പുറത്തുവന്നു കഴിഞ്ഞാലും ആദ്യനാളുകളിൽ മാതാപിതാക്കൾ തന്നെയാണ് അവർക്ക് ആഹാരം നൽകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അവർ സ്വന്തമായി ആഹാരം കഴിക്കാൻ പ്രാപ്തരാക്കുകയും സ്വതന്ത്രനായി ജീവിക്കാൻ തുടങ്ങുകയും ചെയ്യും. ഈ സമയത്ത് കുഞ്ഞുങ്ങളെ മറ്റൊരു കൂട്ടിലേക്ക് മാറ്റാം.
ചില സന്ദർഭങ്ങളിൽ കുഞ്ഞുങ്ങൾ വിരിഞ്ഞ് അടയിരിക്കൽ അറകളിൽ നിന്നും (BREEDING BOX)  പുറത്തുവരുന്നതിന് മുമ്പ് വീണ്ടും പെൺ പസഫിക് പാരലെറ്റുകൾ അടുത്ത മുട്ടയിടാൻ തുടങ്ങും. ഈ സമയത്ത് അടയിരിക്കൽ അറകൾക്കുള്ളിൽ (BREEDING BOX) ഉള്ള കുഞ്ഞുങ്ങളെ മാതാപിതാക്കൾ ആക്രമിക്കാറുണ്ട്. അതുകൊണ്ട് പ്രജനന സമയത്ത് അറയ്ക്കുള്ളിൽ (BREEDING BOX) ഉള്ള കുഞ്ഞുങ്ങളെ എപ്പോഴും ശ്രദ്ധിക്കുന്നത് കൂടുതൽ നല്ലതായിരിക്കും. അടുത്തു വീണ്ടും മുട്ടയിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കുഞ്ഞുങ്ങളെ അടയിരിക്കൽ അറകളിൽ (BREEDING BOX) നിന്നും എടുത്ത് കൂടിനുള്ളിൽ മുകൾഭാഗം തുറന്ന് അധികം പൊക്കമില്ലാത്ത മര പെട്ടിക്കുള്ളിൽ ചിന്തേര് പൊടി  (WOOD SHAVINGS) ഇട്ടതിനുശേഷം അതിനുള്ളിൽ കുഞ്ഞുങ്ങളെ വെക്കുന്നത് പെൺ പസഫിക് പാരലെറ്റിൽ നിന്നുള്ള ആക്രമണങ്ങളിൽനിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ സഹായകരമാകും. ഈ കാലയളവിൽ ആണ് പെസഫിക് പാരലെറ്റുകൾ കുഞ്ഞുങ്ങൾക്ക് ആഹാരം നൽകി സംരക്ഷിക്കും. ഇതുകൂടാതെ കൂടിനുള്ളിൽ കുഞ്ഞുങ്ങൾക്ക് ഒളിക്കാൻ പാകത്തിനുള്ള മുള കഷണങ്ങളും മറ്റും നൽകുന്നത് അക്രമത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് രക്ഷപ്പെടാൻ സഹായകരമാകും.

കുഞ്ഞുങ്ങൾക്ക് തൂവലുകൾ വന്നു തുടങ്ങിയാൽ അവരെ അടയിരിക്കൽ അറകളിൽ (BREEDING BOX)  നിന്നും എടുത്ത് മുകളിൽ പറഞ്ഞതു പോലെയുള്ള ഒരു തുറന്ന പെട്ടിയിലേക്ക് മാറ്റിയതിനുശേഷം അടയിരിക്കൽ അറ എടുത്തു മാറ്റുന്നത് പെട്ടെന്നുള്ള പ്രജനനം തടയുവാനും മാതാപിതാക്കൾ കുഞ്ഞുങ്ങളെ നല്ല രീതിയിൽ ആഹാരം നൽകി നോക്കുന്നതിന് സഹായകരമാകും. എന്നിരുന്നാലും എൻറെ ഒരു അനുഭവത്തിൽ ചില മാതാപിതാക്കൾ പുറത്ത് വെച്ചു കൊടുക്കുന്ന തുറന്ന് ബോക്സിലും മുട്ട ഇടാറുണ്ട് അതിനാൽ മറ്റു പക്ഷികൾക്ക് കൊടുക്കുന്നതിനേക്കാൾ ശ്രദ്ധ ആവശ്യമാണ് പെസഫിക് പാരലെറ്റുകൾക്ക്.

പൊതുവേ പെസഫിക് പാരലെറ്റുകളെ കോളനിയായി പ്രജനനം നടത്തുന്നതിൽ കൂടുതൽ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട് അതിനാൽ ജോഡികളായി പ്രത്യേകം കൂടുകളിൽ പ്രജനനം നടത്തുന്നതാണ് കൂടുതൽ നല്ലത്. കുറച്ചു ശ്രദ്ധയും ദീർഘവീക്ഷണവും ഉണ്ടെങ്കിൽ മറ്റു പക്ഷികളെ പോലെ തന്നെ വളരെ ആദായകരമാണ് പെസഫിക് പാരലെറ്റുകൾ.

     പസഫിക് പാരലെറ്റുകളിൽ വൈവിധ്യമാർന്ന നിരവധി നിറങ്ങളിൽ ഉള്ള മ്യൂട്ടേഷനുകൾ ഇന്ന് നിലവിലുണ്ട്. അവരെ പൊതുവേ പച്ചനിറത്തിലുള്ളവരെന്നും, നീലനിറത്തിലുള്ളവരെന്നും. രണ്ടായി തരംതിരിച്ചിരിക്കുന്നു. ചുവടെ പെസഫിക് പാരലെറ്റുകളുടെ വിവിധയിനം മ്യൂട്ടേഷനുകളുടെ പേരുകൾ ചേർത്തിരിക്കുന്നു.

GREEN SERIES                                                          BLUE SERIES
Green                                                                      Blue
American Yellow                                                    American White
Green Fallow                                                          Blue Fallow
Green Fallow Pied                                                 Blue Fallow Pied
Green Marbled                                                      Blue Marbled
Green Pied                                                             Blue Pied
Green Cinnamon                                                  Blue Cinnamon 
Green Grey                                                            Blue Grey
Dark Green                                                            Cobalt
Olive                                                                       Mauve
Misty Green                                                           Misty Blue
Green Faded                                                        Blue Faded
Lutino                                                                     Albino
American Yellow Marbled                                  American White Marbled
American Yellow Pied                                         American White Pied
American Yellow Fallow                                     American White Fallow
American Yellow Fallow Pied                             American White Fallow Pied
               Turquoise
               Turquoise Pied
               Turquoise Pied Fallow
              American Turquoise
              Turquoise Marbled
              Turquoise Fallow
             American Turquoise Marbled
             American Turquoise Fallow
              Grey Turquoise.



തിരുവനന്തപുരം
9446614358

Akhilchandrika


thank you
ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

Comments

Post a Comment