പക്ഷികളിലെ ഡയറിയ: (Diarrhea, വയറിളക്കം)

പക്ഷികളിലെ ഡയറിയ: (Diarrhea, വയറിളക്കം)



കൂടുകളിൽ വളർത്തുന്ന പക്ഷികളിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു അസുഖമാണ് ഡയറിയ  (Diarrhea - വയറിളക്കം) ഇത് കൂടുതലും കണ്ടുവരുന്നത് മഴക്കാലത്താണ്, ഇത് ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആയതുകൊണ്ട് അതീവ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പക്ഷികൾ മരണപ്പെടുകയും, മരണസംഖ്യ കൂടാനുള്ള സാധ്യതയും ഏറെയാണ്. ചില സന്ദർഭങ്ങളിൽ ഭക്ഷണക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും, ചില അമീബയും ഡയറിക്ക് കാരണമാകാറുണ്ട്.

പക്ഷികളുടെ ഡയറിയക്ക് കാരണമാകുന്നത് സാൽമോണല്ല എൻറിഡിഡിഡിസ് (Salmonella enteritidis) എന്ന സൂക്ഷ്മാണുവും, (ഇത് സാല്മൊണല്ല കുടുംബത്തിൽ പെട്ട ഒരു ബാക്ടീരിയ ആണ്) ഇ-കോളി (Escherichia coli) എന്ന മറ്റൊരു സൂക്ഷ്മാണുവും ആണ്. രോഗബാധിതരായ പക്ഷികൾ തമ്മിലുള്ള സമ്പർക്കം, രോഗബാധിതരായ പക്ഷികളുടെ കാഷ്ടം, അണുബാധയുള്ള ഭക്ഷ്യ വസ്തുക്കൾ, ശുചിത്വമില്ലാത്ത വെള്ളത്തിൻറെ യും തീറ്റയുടെയും പാത്രങ്ങൾ, അശുദ്ധമായ ജലം, രോഗാണുക്കളുടെ സാന്നിദ്ധ്യമുള്ള ഈർപ്പമുള്ള വായു, ഈച്ച, എന്നിവയിലൂടെയാണ് സാധാരണഗതിയിൽ രോഗം പകരുന്നത്.

ആഹാരം കഴിക്കുന്നതിൽ ഉണ്ടാകുന്ന കുറവ്, ചിറകുകളുടെയും കാലുകളുടെയും തളര്ച്ച കാരണം പറക്കാനുള്ള ബുദ്ധിമുട്ട്, തൂങ്ങി നിൽക്കുക, പെട്ടെന്ന് ആരോഗ്യം ക്ഷയിക്കുക, പച്ചകലര്ന്ന ദ്രാവക രൂപത്തിലുള്ള കാഷ്ടം, രോഗം ആന്തരിക അവയവങ്ങളെ ബാധിച്ചുകഴിഞ്ഞാൽ രക്തത്തോട് കൂടിയ കഷ്ടം. ഇതൊക്കെയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ.

രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി കഴിഞ്ഞാൽ ഉടൻതന്നെ കൂട്ടിൽ ഉള്ള എല്ലാ പക്ഷികളെയും മറ്റൊരു കൂട്ടിലേക്കു മാറ്റണം, പുതിയ കൂട്ടിൽ ഒരു 40W ബൾബ് ഇട്ട് പക്ഷികൾക്ക് ചൂട് നൽകണം ഇതിലൂടെ പക്ഷികൾ കൂടുതൽ കാര്യപ്രാപ്തിയുള്ളവരാകും. അതിനുശേഷം പഴയ കൂടും, പരിസരവും, വെള്ളത്തിൻറെ യും തീറ്റയുടെയും പാത്രങ്ങൾ, മരച്ചില്ലകൾ എന്നിവയെല്ലാം തന്നെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം ഇതിലൂടെ കൂടുതൽ പക്ഷികളിൽ രോഗം പടരാതെ തടയാം. കൂടും പരിസരവും വൃത്തിയാക്കുന്നതിന് വിർക്കോൺ എസ് (Virkon S) പോലെയുള്ള അണുനാശിനികൾ വളരെ ഫലപ്രദമാണ്.

അണുബാധ മനസ്സിലാക്കുന്നതിനായി പക്ഷികളുടെ കഷ്ടം ബാക്റ്റീരിയോളജിക്കല്‍ പരിശോധന വഴി രോഗത്തെ കൃത്യമായി മനസ്സിലാക്കാം. ഇതിനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്. രോഗം നിർണയം കഴിഞ്ഞാലുടൻ തന്നെ ചികിത്സ തുടങ്ങണം അല്ലാത്തപക്ഷം ആന്തരിക അവയവങ്ങളെ രോഗം ബാധിച്ച് പക്ഷിയുടെ മരണസംഖ്യ കൂടാൻ ഇടയാകും.

പക്ഷികളുടെ ശരീരത്തിൽ നിന്നും ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ട് അവർക്ക് ഉണങ്ങിയ ധാന്യങ്ങളും കുടിക്കുന്നതിനായി ഇളനീര് വെള്ളം 1 x 2 എന്ന അനുപാതത്തിൽ ശുദ്ധമായ വെള്ളത്തിൽ മിക്സ് ചെയ്തു കുടിക്കാൻ കൊടുക്കാവുന്നതാണ് (ഇളനീര് വെള്ളം എടുക്കുന്നതിൻറെ രണ്ട് ഇരട്ടി ശുദ്ധമായ വെള്ളം ചേർക്കണം) ഇതിലൂടെ പക്ഷികൾ കൂടുതൽ ഊർജ്ജസ്വലരാകും. (കൃത്രിമംമയിട്ടുള്ള മറ്റു പാനീയങ്ങൾ കൊടുക്കുന്നതിനേക്കാൾ നല്ലത് ഇളനീർ ആണ്) അതിനുശേഷം ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം രോഗാണുവിനെ എതിരെയുള്ള ആൻറിബയോട്ടിക്ക് കൃത്യമായ അളവിൽ കൊടുക്കേണ്ടതാണ്. (എൻറെ അനുഭവത്തിൽ ഓഫ്‌ളോപെറ്റ് (OFLOPET) ഡയറിയക്ക് നല്ല ഒരു ഔഷധമാണ്)

ഡയറിയ ബാധിച്ച പക്ഷികളിൽ പൊതുവേ ക്ഷീണിതരായ നിലയിലാണ് കാണാറുള്ളത് അതുകൊണ്ട് അവർക്ക് പോഷകസമൃദ്ധമായ ആഹാരം കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിൽ കൊടുക്കണം, ഇതിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താം. അതുപോലെ ശുദ്ധമായ വെള്ളവും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ആഹാരത്തിൽ ഉണങ്ങിയ ധാന്യങ്ങളും, സോഫ്റ്റ് ഫുഡും ഉൾപ്പെടുത്തണം. കുതിർത്തതും, മുളപ്പിച്ചതുംമയിട്ടുള്ള ധാന്യങ്ങളും, ഇലവർഗങ്ങളും, ഈ സമയത്ത് പൂർണമായും ഒഴിവാക്കുന്നത് നല്ലതാണ്.

കൃത്യമായ പരിചരണം കൊടുക്കുകയാണെങ്കിൽ നാലുമുതൽ ആറ് ആഴ്ച കൊണ്ട് രോഗം നിയന്ത്രണവിധേയമാക്കാം. രോഗം മാറിയാലും അനുകൂല സാഹചര്യമാണ് എങ്കിൽ രോഗാണുക്കൾ ദീർഘകാലം നിലനിൽക്കും, തൽഫലമായി വീണ്ടും അസുഖം വരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് അണുനാശിനി ഉപയോഗിച്ച് രണ്ട് ആഴ്ച കൂടുമ്പോൾ, ബ്രീഡിങ് ബോക്സും, കൂടും, പരിസരവും വൃത്തിയാക്കുന്നത് പക്ഷികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താം.

അതുപോലെ പക്ഷികൾക്ക് കുടിക്കാൻ കൊടുക്കുന്ന വെള്ളവും ആഹാരവും സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തുക.( നല്ല രീതിയിലുള്ള ഭക്ഷണക്രമം തുടരുക) കൂടിനകത്ത് വായുസഞ്ചാരം, സൂര്യപ്രകാശം എന്നിവ മതിയായ അളവിൽ കിട്ടുന്നു എന്ന്  ഉറപ്പുവരുത്തുക. കൃത്യസമയത്തുതന്നെ പക്ഷികളുടെ കാഷ്ടം ആഹാരത്തിൻറെ അവശിഷ്ടങ്ങൾ എന്നിവ എടുത്തു മാറ്റുക, കൂടിനുള്ളിൽ തിങ്ങിനിറഞ്ഞ രീതിയിൽ പക്ഷികളെ വളർത്താതിരിക്കുക. എന്നീ മാർഗ്ഗങ്ങളിലൂടെ രോഗം നമുക്ക് തടയാം.

പക്ഷികളിലെ ഡയറിയ പി.ഡി.എഫ് ഫയൽ

തിരുവനന്തപുരം
9446614358
WhatsApp Contact.
                         thank you                                                 

Comments