നീലത്തത്ത ( മലബാർ പാരകീറ്റ് ) BLUE WINGED PARAKEET.



സാധാരണ പേര്: മലബാർ പാരകീറ്റ് (നീലത്തത്ത) Blue Winged Parakeet.
ശാസ്ത്രീയ നാമം: സിറ്റാകുളാ  കോലുബോയ്ഡ്സ് (Psittacula Columboides)
ഉത്ഭവം: ഇന്ത്യ, ശ്രീലങ്ക.
ശരീരവലിപ്പം: 36 സെൻറീമീറ്റർ മുതൽ 38 സെൻറീമീറ്റർ വരെ.
ശരീരഭാരം: 60 മുതൽ 70-ഗ്രാം.
ശരാശരി ആയുസ്സ്: 20 മുതൽ 30 വർഷം.
ശരാശരി മുട്ടകൾ:  2 മുതൽ 4 വെള്ള മുട്ടകൾ.
സംസാരിക്കുന്ന കഴിവ്: ശരാശരി മികച്ചത്.

പശ്ചിമഘട്ട വനമേഖലയിൽ മാത്രം കണ്ടുവരുന്നു ഒരു മനോഹരമായ ഒരു തത്ത വർഗ്ഗമാണ് മലബാർ പാരകീറ്റ് ( നീലത്തത്ത ) ഇംഗ്ലീഷിൽ ഇതിനെ ബ്ലൂ വിങ്ഡ് പാരകീറ്റ് (Blue Winged Parakeet) എന്നാണ് വിളിക്കുന്നത്. ഇതിൻറെ ശാസ്ത്രീയനാമം സിറ്റാകുളാ  കോലുബോയ്ഡ്സ് (Psittacula Columboides) എന്നാണ്. മലബാർ പാരകീറ്റ്കളുടെ ശരീരവലിപ്പം 36 സെൻറീമീറ്റർ മുതൽ 38 സെൻറീമീറ്റർ ആണ് അതിൽ വാലിനു മാത്രം ഏകദേശം 20 സെൻറീമീറ്റർ നീളമുണ്ട്. ശരീരഭാരം 60 ഗ്രാം മുതൽ 70 ഗ്രാം വരെയാണ്. വനങ്ങളിൽ ശരാശരി 20 മുതൽ 30 വർഷംവരെ ആണ് ഇവരുടെ ആയുസ്സ്.


ആൺ മലബാർ പാരകീറ്റുകളുടെ തലയ്ക്ക് നീലകലർന്ന ചാരനിറമാണ് ഇതുകൂടാതെ തലയുടെ പിൻഭാഗത്തും കഴുത്തിനു താഴെയും മുതുകിലും മാറിടത്തിലും മങ്ങിയ റോസ് കലർന്ന നിറമാണ്. തിളക്കമാർന്ന കണ്ണുകളാണ് ഇവർക്കുള്ളത്. മേൽചുണ്ട് ചുവപ്പുനിറവും കീഴ്ചുണ്ട് ചുവപ്പ് കലർന്ന കറുത്ത നിറവുമാണ്. ഇവരുടെ താടി നീല കലർന്ന കറുത്ത നിറമാണ് അതു കൂടാതെ താടിയിൽ നിന്നും കഴുത്തിൻറെ ഇരുവശങ്ങളിലേക്കും ഒരു കറുത്ത വളയം ഉണ്ട് ആ വളയതോട് ചേർന്ന് താഴെയായി കഴുത്തിൽ നീലനിറത്തിലുള്ള മറ്റൊരു വളയവും കൂടി ഉണ്ട്. ചിറകുകളുടെ മുൻനിര തൂവലുകൾ നീലനിറവും അടിഭാഗത്ത് ചാരനിറമാണ്. അതുകൂടാതെ വാലുകളുടെ മുകൾഭാഗം നീലനിറത്തിലും അഗ്രം വെള്ള നിറവുമാണ് ഇതിൻറെ അടിവശം മഞ്ഞകലർന്ന പച്ചനിറമാണ്. പെൺ മലബാർ പാരകീറ്റുകളുടെ തല നീല കലർന്ന ചാരനിറവും ശരീരം നീല കലർന്ന പച്ചനിറവുമാണ്. മേൽ ചുണ്ടുകൾ കറുത്ത നിറവും കീഴ്ചുണ്ട് മഞ്ഞകലർന്ന കറുത്ത നിറമാണ് ഇതുകൂടാതെ ഇവരുടെ കഴുത്തിൽ കറുത്ത വലയങ്ങൾ മാത്രമേ ഉള്ളൂ. പൊതുവെ ഇവരുടെ കാലുകൾ ഇരുണ്ട നിറമാണ് നഖങ്ങൾ കറുപ്പും.


വനങ്ങളിൽ ഇവർ ചെറു കൂട്ടങ്ങളായാണ് കാണാറുള്ളത്. പൊക്കം അധികമില്ലാത്ത മരങ്ങളാണ് ഇവരുടെ ആവാസകേന്ദ്രം. അതുകൊണ്ട് മുളം കാടുകളിൽ ധാരാളമായി ഇവരെ കണ്ടുവരുന്നു അതുകൊണ്ട് ഇവർക്ക് മുളന്തത്ത എന്ന് കൂടി ഒരു പേരുണ്ട്. ചെറു ഫലങ്ങളും ധാന്യങ്ങളും  തളിരിലകളും ആണ് ഇവരുടെ ഇഷ്ട ആഹാരം. ഇവർ സഞ്ചാരപ്രിയർ അല്ലാത്തതുകൊണ്ട് അപൂർവമായി മാത്രമാണ് നാട്ടുമ്പുറങ്ങളിൽ കാണാറുള്ളത്.



34 മുതൽ 36 മാസമാകുമ്പോൾ ഇവർ പ്രായപൂർത്തിയാകുന്നു. ജനുവരി മുതൽ മാർച്ച് വരെയാണ് മലബാർ പാരകീറ്റുകളുടെ പ്രജനനകാലം. പ്രജനനകാലം ആയാൽ ഇവർ ഇണകളെ കണ്ടെത്തി ആറു മുതൽ പത്ത് മീറ്റർ പൊക്കമുള്ള ചെറു വൃക്ഷങ്ങളുടെ പൊത്തുകളിൽ കൂടൊരുക്കുന്നു. സാധാരണ രണ്ടു മുതൽ നാല് മുട്ടകൾ വരെ ഇവർ ഇടാറുണ്ട്. മുട്ടകൾ ഇട്ടു കഴിഞ്ഞാൽ പെൺ തത്തകൾ പൊതുവേ കൂടിനു പുറത്തുവരാറില്ല. ആൺ തത്തകൾ ആണ് ആഹാരം തേടി പെൺ തത്തകൾക്ക് കൂടി നൽകുന്നത്. 23 ദിവസമാകുമ്പോൾ മുട്ടകൾ ഓരോന്നായി വിരിഞ്ഞ കുഞ്ഞുങ്ങൾ പുറത്തുവരും ഇവർക്ക് പെൺ തത്തകൾ ആഹാരം നൽകി സംരക്ഷിക്കുന്നു. നാല് ആഴ്ച കഴിയുമ്പോൾ കുഞ്ഞുങ്ങൾ കൂട്ടിനു പുറത്ത് വരികയും ഈ സമയം ആൺ പക്ഷികൾ അവരെ തീറ്റ തേടുന്നതിനും സഹായിക്കും. ആറു മുതൽ എട്ട് ആഴ്ച ആകുമ്പോൾ അവർ സ്വന്തമായി ആഹാരം കണ്ടെത്തുകയും. സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങുകയും ചെയ്യും.



വർധിച്ചുവരുന്ന മനുഷ്യൻറെ കടന്നുകയറ്റവും വനനശീകരണവും മൂലം ഇന്ന് ഇവരുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ തോതിലുള്ള കോട്ടങ്ങൾ സംഭവിക്കുന്നു. ഇതിൻറെ ഫലമായി ഇവരുടെ പ്രജനനത്തിന് വലിയ തോതിലുള്ള വെല്ലുവിളികൾ ഉണ്ട്. ഇന്ന് വംശനാശഭീഷണി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പക്ഷിയാണ് മലബാർ പാരകീറ്റ് (നീലത്തത്ത). ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും നിലനിർത്താൻ ഒരു പൗരനെന്ന നിലയ്ക്ക് എല്ലാപേരും ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇവരെ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും ശിക്ഷാർഹമാണ്. അതുകൂടാതെ അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്.



നിയമപരമായുള്ള മുന്നറിയിപ്പ്:

ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനും. അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം.

ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ച്. ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.

ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ 53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ 500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്. അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.

തിരുവനന്തപുരം
9446614358
WhatsApp Contact.

Akhilchandrika

 thank you

Comments