പക്ഷികളിലെ വിരശല്യവും അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളും.



നമ്മുടെ വളർത്തു പക്ഷികളുടെ ആരോഗ്യത്തെ പൊതുവേ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വിരശല്യം. ഇത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. വ്യത്യസ്തങ്ങളായ ആഹാരങ്ങളിൽ നിന്നും, ശുദ്ധമല്ലാത്ത ജലം, പക്ഷികളുടെ വിസർജ്യങ്ങളിൽ നിന്നും (വിരബാധ ഉള്ള പക്ഷികളുടെ കാഷ്ടത്തിലുടെ പുറത്തുവരുന്ന വിരകളുടെ മുട്ടകൾ ആഹാരത്തിലെ വെള്ളത്തിലോ ഏതെങ്കിലും സാഹചര്യത്തിൽ കലർന്നാൽ. പക്ഷികൾ അത് കഴിക്കുന്നതിലൂടെ), കൃത്യമായ ഇടവേളകളിൽ കൂടും പരിസരവും വൃത്തിയാക്കാത്ത സാഹചര്യം, മതിയായ വായുസഞ്ചാരം കുറവ്, സൂര്യപ്രകാശത്തിൻറെ അഭാവം, ഈച്ചകളുടെ ശല്യം. എന്നിങ്ങനെയുള്ള പല കാരണങ്ങൾകൊണ്ട് പക്ഷികളിൽ വിരശല്യം ഉണ്ടാകാം.

പക്ഷികളുടെ ശരീരത്തിൽ വിരകളുടെ സാന്നിധ്യം ഏറെ ആയാൽ അവരുടെ ശരീരത്തിലുള്ള പോഷകാഹാരങ്ങളും ലവണങ്ങളും അവർ ഭക്ഷണമാക്കും. അതുകൂടാതെ ചിലതരം വിരകൾ കുടൽ ഭിത്തി തുരന്ന് രക്തം ഊറ്റി കുടിക്കുകയും ചെയ്യുന്നു ഇതിലൂടെ പക്ഷികളുടെ ശരീരത്തിനാവശ്യമായ പോഷകാഹാരങ്ങൾ മതിയാവാതെ വരുകയും അവരുടെ ആരോഗ്യം പെട്ടെന്ന് ക്ഷയിച്ച് രോഗപ്രതിരോധശേഷി നഷ്ടമാകും. ഈ സന്ദർഭത്തിൽ മറ്റു രോഗാണുക്കളുടെ ആക്രമണം ഉണ്ടാകാൻ ഏറെ സാധ്യതകളുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പക്ഷികൾ പെട്ടന്ന് കൂടുതൽ അവശ നിലയിൽ എത്തപ്പെടുകയും ചെയ്യും. ഈ സമയത്ത് കൃത്യമായ ചികിത്സ നൽകാതിരുന്നാൽ മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് നമ്മുടെ പക്ഷികളെ എല്ലാദിവസവും അതീവസൂക്ഷ്മമായ അവരുടെ ചലനങ്ങൾ, ആഹാര രീതി, ആഹാരം വെള്ളം എന്നിവ നൽകുന്ന പാത്രങ്ങൾ, അവരുടെ കഷ്ടം, കൂടും പരിസരവും. എന്നിവ  നിരീക്ഷിക്കണം ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ പക്ഷികളിൽ എന്തെങ്കിലും പ്രകടമായ മാറ്റം ഉണ്ടായാൽ പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും.

പ്രധാനമായും നാടവിര-Tapeworms, ഉരുളന്‍വിര-Roundworms, സിക്കന്‍വിര-Gizzardworms, കപ്പില്ലേരിയ എറോഫില-Capillaria aerophila worms, കൊക്കപ്പുഴു-Hookworm. എന്നിങ്ങനെ പലതരം വിരകളാണ് പക്ഷികളുടെ ശരീരത്തിൽ കാണാറുള്ളത്. പക്ഷികളുടെ ശരീരത്തിൽ വിരശല്യം തുടങ്ങിയാൽ. ആഹാരം കഴിക്കാതിരിക്കുക, , വിളർച്ചയും ഉന്‍മേഷക്കുറവും, ശരീരം മെലിയുക, വയറിളക്കം, കാഷ്ടത്തിലൂടെ വിരകള്‍ പുറത്തുവരുക, ദഹനപ്രശ്നങ്ങളും അതുകൊണ്ടുണ്ടാകുന്ന ശർദ്ദിയും (ഉരുളൻ വിരകൾ വലിയതോതിൽ പക്ഷികളുടെ ശരീരത്തിൽ ഉണ്ടായാൽ അവർ കുടലിൽ തടസ്സങ്ങൾ സൃഷ്ടിച്ച ദഹനത്തെ തടസ്സപ്പെടുത്തുന്നു). എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. ഈ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ പക്ഷികളിൽ കാണുന്നുവെങ്കിൽ അവരുടെ കാഷ്ടം സൂക്ഷ്മമായി പരിശോധിക്കണം. പക്ഷികളുടെ കാഷ്ടത്തിൽ മൂന്നു ഭാഗങ്ങളാണുള്ളത്. ഒന്ന് പച്ചനിറത്തിലുള്ള കഷ്ടം (Feces). രണ്ടാമത്തേത് വെള്ളം നിറത്തോടുകൂടിയ യൂററ്റസ് (Urates), മൂന്നാമത്തേത് ദ്രാവകരൂപത്തിലുള്ള യൂറിൻ (Clear Urine). ഇതിൽ യൂററ്റസ്ൻറെ അളവ് തീരെ കുറയുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് വിരശല്യത്തിൻറെ ലക്ഷണമാണ്. ഇതുകൂടാതെ ഒരു ലാബ്ട്രെയിൽ പരിശോധിച്ച് (Fecal Worm Test ) നമുക്ക് വിരകളുടെ സാന്നിധ്യം മനസ്സിലാക്കി ചികിത്സ നൽകാം.

ഏതു പ്രായത്തിലുള്ള പക്ഷികൾക്കും വിരയ്ക്കുള്ള മരുന്ന് നൽകണം (എൻറെ അനുഭവത്തിൽ വാൽമൌട്ട്-ജെൽ Wormout Gel വളരെ ഫലപ്രദമായ ഒരു ഔഷധമാണ്. 2-ml വാൽമൌട്ട്-ജെൽ 160-ml ശുദ്ധമായ വെള്ളത്തിൽ കലക്കി കൊടുക്കാം. ഇത് തുടർച്ചയായി രണ്ടുദിവസം കൊടുക്കണം) ഇതിനായി മരുന്നു കൊടുക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിൻറെ തലേദിവസം രാവിലെ കഴിഞ്ഞ് ഉച്ചയോടടുത്ത് കൂട്ടിനുള്ളിലെ വെള്ളമെല്ലാം എടുത്തുമാറ്റണം. അതിനുശേഷം രാവിലെ വിരയുടെ മരുന്ന് കലക്കിയ വെള്ളം വേണം അവർക്ക് കുടിക്കാൻ കൊടുക്കാൻ. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾ കൊടുത്ത മരുന്ന് കലക്കിയ വെള്ളം പൂർണമായും അവർ കുടിച്ചു എന്ന ഉറപ്പുവരുത്താം. മരുന്ന് കൊടുക്കുന്ന ദിവസം തൊട്ട് പതിനാലാമത്തെ ദിവസംകൂടി ഇത് ആവർത്തിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ പക്ഷികളിലെ വിരകളെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.

ഇങ്ങനെ രണ്ടുപ്രാവശ്യം കൊടുക്കുന്നതിൻറെ ഉദ്ദേശം പക്ഷികൾക്ക് ആദ്യദിവസം മരുന്നു കൊടുക്കുമ്പോൾ അവരുടെ കാഷ്ടം വഴി വിര കളോടൊപ്പം അവരുടെ മുട്ടകളും പുറത്തുവരുന്നു. ഇതിൽ വിരകൾ മാത്രമാണ് നശിക്കുന്നത് മുട്ടകൾ അതുപോലെ കൂടിനകത്ത് പലഭാഗങ്ങളിൽ കാണും ഇത് ചില സന്ദർഭങ്ങളിൽ പക്ഷികളുടെ ആഹാരത്തിലെ വെള്ളത്തിലോ കലർന്ന് ഉള്ളിൽ വീണ്ടും എത്താൻ ഇടയുണ്ട്. അതുമാത്രമല്ല അവരുടെ ശരീരത്തിലെ കുടലിലും വെൻറ്റ് (vent) ഏരിയയിലും വിരകളുടെ മുട്ടകൾ ധാരാളം കാണും ഇത് 10 മുതൽ 12 ദിവസത്തിനകം വിരിഞ്ഞ പുതിയ വിരകൾ ആകും ഈ സമയത്ത് രണ്ടാമത്തെ തവണ മരുന്നുകൊടുക്കുമ്പോൾ വിരകളെ ഏകദേശം പൂർണമായും നശിപ്പിക്കാൻ സാധിക്കും. ഇത് എല്ലാ നാലു മാസം കൂടുമ്പോഴും ചെയ്യുന്നത് വളരെ നല്ലതായിരിക്കും.  അതോടൊപ്പംതന്നെ സാധാരണരീതിയിൽ കൊടുക്കാറുള്ള ആഹാരങ്ങളും അവർക്ക് നൽകാം ഇതിലൂടെ പക്ഷികൾ എപ്പോഴും ആരോഗ്യമുള്ളവരായിരിക്കും.

മറ്റു മാർഗ്ഗങ്ങളിലൂടെയും മരുന്നുകൾ നമ്മുടെ പക്ഷികൾക്ക് നൽകാം. മൃദു ആഹാരങ്ങളിലൂടെയും. പക്ഷികൾക്ക് നേരിട്ടും മരുന്നുകൾ നൽകാം. ഇതിൽ പ്രധാനപ്പെട്ടത് പക്ഷികളുടെ ശരീര ഭാരത്തിന് ആവശ്യമായ അളവിൽ വേണം മരുന്നുകൾ നൽകാൻ. ഇതിന് ഒരു വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരം വേണം മരുന്നുകൾ നൽകാൻ. അല്ലാത്തപക്ഷം അപകടസാധ്യത ഏറെയാണ്. അതുപോലെ പപ്പായയുടെ കുരുക്കൾ, വേപ്പില എന്നിവ വിരശല്യത്തിന് പ്രകൃതിദത്തമായ ഔഷധങ്ങളാണ് ഇത് പക്ഷികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വിരശല്യം തടയാം.

പ്രജനനത്തിനുവേണ്ടി സജ്ജമാക്കുന്ന പക്ഷികളിൽ നിർബന്ധമായും വിരയുടെ മരുന്ന് നൽകണം. അതിലൂടെ അവരുടെ ആരോഗ്യത്തിന് ഏതൊരു വിധത്തിലുമുള്ള കുഴപ്പവും ഇല്ല എന്ന് ഉറപ്പുവരുത്താൻ കഴിയും. അതുമാത്രമല്ല പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വിരബാധ ഇല്ല എന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. ഈ പ്രവർത്തികളിലൂടെ നല്ല ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ സാധിക്കും.
പക്ഷികളിലെ വിരശല്യവും അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളും. പി.ഡി.എഫ് ഫയൽ.



തിരുവനന്തപുരം
9446614358
WhatsApp Contact.

Akhilchandrika
 thank you















Comments