പക്ഷി വളർത്തൽ പരിചയമില്ലാത്ത തുടക്കക്കാർ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണ് ഇത്. അതിനാൽ പക്ഷി പരിപാലനത്തിലെ തുടക്കക്കാർ ആദ്യമേ നേടേണ്ടത് നമ്മൾ വളർത്താൻ ഉദ്ദേശിക്കുന്ന പക്ഷികളെ കുറിച്ചുള്ള കൂടുതൽ അറിവാണ്. അതിനായി വിദഗ്ധരായ പക്ഷി സ്നേഹികളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ നേടുകയാണ് ഉത്തമമായ മാർഗം. ഇതിൻറെ തുടക്കം എന്നോണം നമ്മൾ വളർത്താൻ ഉദ്ദേശിക്കുന്ന പക്ഷികളുടെ വനങ്ങളിലെ ആവാസവ്യവസ്ഥ, ഭക്ഷണരീതി, അവർ അധിവസിക്കുന്ന മേഖലയിലേ കാലാവസ്ഥ, പ്രജനനരീതി എന്നിവയെല്ലാം ആദ്യമേ മനസ്സിലാക്കണം. അതിനുശേഷം ആ പക്ഷികളെ കൂടുകളിൽ വളർത്തുന്ന പക്ഷി സ്നേഹികളുടെ പക്കൽനിന്നും അവർക്ക് ഏതുതരം വലുപ്പത്തിലുള്ള കൂടുകളാണ് നിർമ്മിച്ച നൽകേണ്ടത്, ഏതൊക്കെ തരത്തിലുള്ള ആഹാരങ്ങളാണ് അവർക്ക് നൽകുന്നത്, ആൺ പെൺ പക്ഷികളെ എങ്ങനെ തിരിച്ചറിയാം, അതിനു ഉപയോഗിക്കുന്ന മാർഗങ്ങൾ, പ്രജനനത്തിന് ആവശ്യമായ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം, ഇതുകൂടാതെ പ്രജനനത്തിന് പക്ഷികൾക്ക് മുട്ടയിട്ട് അടയിരിക്കുന്നത് ആവശ്യമായ അടയിരിക്കൽ അറകൾ എങ്ങനെയാണ് കൂടുകളിൽ സ്ഥാപിക്കുന്നത്. എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായും മനസ്സിലാക്കിയതിനുശേഷം വേണം പക്ഷികളെ വാങ്ങാൻ.
കുഞ്ഞുങ്ങളെ വാങ്ങി നമ്മുടെ സാഹചര്യങ്ങളോട് ഇണക്കി ആഹാരം നൽകി നല്ല രോഗപ്രതിരോധശേഷിയുള്ള പക്ഷികളായി വളർത്തുന്നതാണ് പിന്നീടുള്ള പ്രജനനത്തിന് കൂടുതൽ കരുത്ത് നൽകുന്നത്. കുഞ്ഞുങ്ങളെ മാതാപിതാക്കൾ ആഹാരം കൊടുത്ത് വളർത്തി വലുതാക്കിയ മൂന്നോ നാലോ മാസം പ്രായമായവരെ വേണം തിരഞ്ഞെടുക്കാൻ (കൈ തീറ്റകൾ കൊടുത്തു വളർത്തുന്ന കുഞ്ഞു പക്ഷികളിൽ രോഗപ്രതിരോധശേഷി താരതമ്യേനെ കുറവായി കണ്ടുവരുന്നു). അതു കൂടാതെ കുഞ്ഞുങ്ങളുടെ ആരോഗ്യവും തൂക്കവും, ഉരുണ്ട തിളക്കമാർന്ന കണ്ണുകൾ, ആരോഗ്യത്തോടെ തിളങ്ങുന്ന തൂവലുകൾ, ആരോഗ്യമുള്ള ചുണ്ടുകൾ, ശരീരാകൃതി, കാലുകളുടെയും ചിറകുകളുടെയും ആരോഗ്യനില, നഖങ്ങൾ, എന്നിവ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. അതിനോടൊപ്പം മാതാപിതാക്കളുടെ ആരോഗ്യവും കൂടുകളുടെ ചുറ്റുപാടും ആഹാരരീതിയും നേരിട്ട് കണ്ട് മനസ്സിലാക്കി കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് കൂടുതൽ ഉചിതം.
അസാധാരണ രീതിയിലുള്ളതോ മുറിഞ്ഞതോ നിരതെറ്റിയതോ മങ്ങിയതോ ആയ തൂവലുകൾ. തളർന്ന് തൂങ്ങിയ ചിറകുകൾ കുഴിഞ്ഞ കണ്ണുകൾ. ശ്വാസോച്വാസത്തിനഅനുസരിച്ച് ചലിപ്പിക്കുന്നതോ താഴ്ത്തി ഇട്ടതോ ആയ വാലുകൾ പൊട്ടിയതോ അസ്വാഭാവികമായ വളർച്ച ഉള്ളതോ ആയ ചുണ്ടുകൾ എന്നിവ ആരോഗ്യമില്ലാത്ത പക്ഷികളുടെ ലക്ഷണമാണ്.
കുഞ്ഞു പക്ഷികൾക്ക് പൊതുവേ നല്ല പോഷകസമൃദ്ധമായ ആഹാരം ആവശ്യമാണ് അതിനായി അവരുടെ ആഹാരത്തിൽ ധാരാളം ഫലവർഗങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും ഉണങ്ങിയ ധാന്യങ്ങളും (കഴുകി ഉണക്കിയത്) ശുദ്ധമായ ജലവും ഉൾപ്പെടുത്തണം. ഇത് കുഞ്ഞു പക്ഷികളുടെ വളർച്ചയെയും രോഗപ്രതിരോധശേഷിയും വർദ്ധിക്കുന്നതിനും സഹായകരമാകും. ഇതു കൂടാതെ ഒരു ദിവസത്തിന് ആവശ്യമായ ആഹാരം മിതമായ അളവിൽ മാത്രം കൊടുക്കുക. പക്ഷികളിൽ കൂടുതലും അസുഖങ്ങൾ പകരുന്നത് ആഹാരത്തിലൂടെയും ജലത്തിലൂടെയും ആണ് അതുകൊണ്ട് പൂർണമായും സുരക്ഷിതമായ മാർഗ്ഗങ്ങളുപയോഗിച്ച് വേണം ആഹാരവും ശുദ്ധമായ ജലവും ദിവസവും പക്ഷികൾക്ക് നൽകാൻ.
എത്ര നല്ല
രീതിയിലുള്ള ആഹാരം നൽകിയാലും ചില പക്ഷികളിൽ ചില സന്ദർഭങ്ങളിൽ വിറ്റാമിനുകളുടെയും
ധാതുക്കളുടെയും കുറവുമൂലമുള്ള അസുഖങ്ങൾ വരാറുണ്ട്. ആ സന്ദർഭങ്ങളിൽ ഒരു
വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം അവർക്ക് ആവശ്യമായ വിറ്റാമിൻ സപ്ലിമെൻറ്കൾ ജലത്തിലൂടെയോ
മൃദു ആഹാരങ്ങളോട് ഒപ്പവും നൽകാവുന്നതാണ്.
ഏതൊരു കാരണവശാലും അപര്യാപ്തത ഉണ്ട് എന്ന് പ്രതീക്ഷിച്ച് അനാവശ്യമായ
വൈറ്റമിൻ മരുന്നുകൾ കൊടുക്കുകയാണ് എങ്കിൽ അത് പക്ഷികളുടെ ആരോഗ്യത്തെ ദോഷകരമായി
ബാധിച്ചേക്കാം.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ പക്ഷികൾ എപ്പോഴും ആരോഗ്യമുള്ളവരായിരിക്കുകയും നല്ല രീതിയിലുള്ള പ്രജനനവും അവർ കാഴ്ചവയ്ക്കും.
Good info .
ReplyDelete👍👍👌
ReplyDeleteGud info sir
ReplyDelete